
തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിനെക്കാൾ ഉയരത്തിൽ ഓട നിർമ്മിച്ചതുകാരണം ബുദ്ധിമുട്ടിലായി 26 കുടുംബങ്ങൾ. കേശവദാസപുരം ഐശ്വര്യ റസിഡന്റ്സ് അസോസിയേനിലെ കുടംബങ്ങൾക്കാണ് ഈ ദുർവിധി. ദേശീയപാത വികസനത്തിന്റെയും കേശവദാസപുരം ജംഗ്ഷൻ വികസനത്തിന്റെയും ഭാഗമായി കേശവദാസപുരം മുതൽ ഫുഡ് കോർപ്പറേഷൻ ഓഫീസ് വരെയുള്ള റോഡ് വീതി കൂട്ടൂന്ന പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം. പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഒരു വശത്ത് ഓടകൾ നിർമ്മിച്ചു. നിർമ്മാണം കഴിഞ്ഞപ്പോൾ ഓട റോഡിനെക്കാൾ 3.5 മീറ്റർ ഉയരത്തിലായി. ഐശ്വര്യ നഗർ റസിഡന്റരസ് അസോസിയേഷനിലെ വീടുകളിലേക്ക് പോകുന്ന പ്രധാന റോഡിന്റെ മുന്നിൽ ഇപ്പോൾ ഓട ഉയർന്ന് നിൽക്കുകയാണ്. ഇതിനാൽ റസിഡന്റ്സ് റോഡിന്റെ ഭാഗം താഴ്ചയിലായി. ഗതാഗതവും നിലച്ചു. കഴിഞ്ഞ 20നാണ് ഇവിടെ നിർമ്മാണം ആരംഭിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും ജോലികൾ പൂർത്തിയാകാത്തതിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. ഓട ഇത്രയും ഉയരത്തിൽ നിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ഓടയുടെ മുകളിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. നിലവിൽ രണ്ട് കിലോമീറ്റർ ചുറ്റിയാണ് പ്രദേശവാസികൾ വീടുകളിലേക്ക് പോകുന്നത്. ജോലികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഐശ്വര്യ നഗർ റസിഡന്റ്സ് അസോസിയേഷൻ ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 1.65 കോടി രൂപയാണ് ജോലിയുടെ എസ്റ്റിമേറ്റ് തുക. ഉയരം കൂടിയ ഓടയും റോഡും തമ്മിൽ ബന്ധിപ്പിക്കാൻ ചരിച്ച് റോഡ് നിർമ്മാണം നടത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഓടയുടെ മുകളിലൂടെയുള്ള റോഡിന്റെ ജോലി ഈ ആഴ്ച തന്നെ പൂർത്തിയാക്കുമെന്ന് അധികതൃർ പറഞ്ഞു.