തിരുവനന്തപുരം : വ്യവസ്ഥാപിത രീതികൾ വിട്ട് അതിരുകൾ ലംഘിച്ച് പുറത്തിറങ്ങിയ സാഹിത്യസൃഷ്ടികളുടെ സ്ഥാനം മഹത്തരമാണെന്ന് യു.കെ.കുമാരൻ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ അതിരുകളും ലംഘനങ്ങളും കഥാവഴിയിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ധ്യാത്മ രാമായണത്തിൽ തന്നെ അതിരു ലംഘനം നടന്നിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന ഉത്കൃഷ്ട സാഹിത്യത്തിന് എതിരുനില്ക്കുന്നില്ല. ഓരോ എഴുത്തുകാരനും സ്വന്തം അതിരുകൾ മനസിലാക്കാനും സർഗ പൂർണതയ്ക്കായി ആവശ്യാനുസരണം അത് ലംഘിക്കാനും തയ്യാറാകുമ്പോഴാണ് സാഹിത്യ സൃഷ്ടികൾ അതിന്റെ സ്വത്വം കൈവരിക്കുന്നതെന്ന് കുമാരൻ പറഞ്ഞു.ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു. അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി. റഹീം, എ.ആർ.റോഷൻ,എ.ബിജു, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.എൽ. മഞ്ജു,സീനിയർ ലൈബ്രേറിയൻ പി.എച്ച്. സുജ എന്നിവർ സംസാരിച്ചു.