
തിരുവനന്തപുരം: ഓണത്തിന് വേണ്ടി കൂടുതലായി പ്രിന്റ് ചെയ്ത പാൽ കവറിലുണ്ടായ അക്ഷരത്തെറ്റ് സംബന്ധിച്ച് കമ്പനിയുടെ വിശദീകരണത്തിന് ശേഷം നടപടി സ്വീകരിക്കാൻ മിൽമയുടെ തീരുമാനം. 'പാസ്ചുറൈസ്ഡ് ടോൺഡ് മിൽക്ക് 'എന്നതിന് പകരം 'പാസ്ചുറൈസ്ഡ് സ്റ്റാൻഡേർഡ് മിൽക്ക് ' എന്ന് രേഖപ്പെടുത്തിയ 31 ടൺ ഫിലിമാണ് മിൽമയുടെ തിരുവനന്തപുരം, കൊല്ലം പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. മിൽമയിൽ നിന്നും അംഗീകരിച്ച് നൽകിയ മോഡലിൽ 'പാസ്ചുറൈസ്ഡ് ടോൺഡ് മിൽക്ക് ' എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇതേ അളവിലുള്ള എസ് .എൻ.എഫ്, കൊഴുപ്പ് എന്നിവയുള്ള പാലിന് 'പാസ്ചുറൈസ്ഡ് സ്റ്റാൻഡേർഡ് മിൽക്ക് ' എന്നാണ് മറ്റു സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നത്. അതിനാൽ കമ്പനിക്കുണ്ടായ തെറ്റിദ്ധാരണയാണ് 'പാസ്ചുറൈസ്ഡ് സ്റ്റാൻഡേർഡ് മിൽക്ക് 'എന്ന് കവറിന് പുറത്ത് പ്രിന്റ് ചെയ്യാൻ കാരണമായതെന്നാണ് വിശദീകരണം. ഹൈദരാബാദിലുള്ള കമ്പനിയാണ് കവറിനായുള്ള ഫിലിം മിൽമയ്‌ക്കുവേണ്ടി പ്രിന്റ് ചെയ്തത്.തെറ്റ് ബോദ്ധ്യപ്പെട്ടതോടെ പകുതിയോളം കവർ കമ്പനി തിരിച്ചെടുത്തു. ഒരുകിലോ കവറിന് 189.32 രൂപയാണ് വില .
അതേസമയം 'പാസ്ചുറൈസ്ഡ് സ്റ്റാൻഡേർഡ് മിൽക്ക് ' എന്ന് രേഖപ്പെടുത്തിയ കവർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും പാലിന്റെ ഗുണമേന്മ രേഖപ്പെടുത്തുന്ന എസ് .എൻ.എഫ്, കൊഴുപ്പ് എന്നിവയുടെ അളവ് കവറിൽ ശരിയായി രേഖപ്പെടുത്തിയതിനാൽ ഇതേ കവർ ഉപയോഗിക്കാമെന്നും അധികൃതർ പറയുന്നു.