തിരുവനന്തപുരം: നേമം റെയിൽവേസ്റ്റേഷൻ വികസനം ഉടനാരംഭിക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം എൽ.ഡി എഫിന്റെ തെറ്റായ പ്രചാരണങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. 2016-2021 സമയത്ത് നേമം റെയിൽവേസ്റ്റേഷൻ വികസനം യാഥാർത്ഥ്യമായാൽ അന്നത്തെ എം.എൽ.എ ഒ.രാജഗോപാലിനും ബി.ജെ പിക്കും ജനപിന്തുണ വർദ്ധിക്കുമെന്ന് ഭയന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഭൂമിയേറ്റെടുക്കൽ വൈകിപ്പിച്ചത്.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെയും നേതൃത്വത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉടൻ ജോലികൾ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തിന് ശേഷം കേരളത്തിൽ കേന്ദ്രപദ്ധതികൾ പൂർത്തീകരിക്കുന്നതിന്റെ വേഗത വർദ്ധിച്ചു. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ തിരുവനന്തപുരത്തിന് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി ജില്ലാനേതൃത്വമെന്നും വി.വി. രാജേഷ് പറഞ്ഞു.