പാലോട്:ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡന്റെ ചിപ്പൻചിറ സ്റ്റാഫ് കോട്ടേജ് അപ്രതീക്ഷിതമായി ഇടിഞ്ഞ് താണു.വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞുതാണത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഓടി പുറത്ത് ഇറങ്ങിയതിനാൽ ആർക്കും പരിക്ക് പറ്റിയില്ല.വീടിന്റെ അടുക്കള ഭാഗത്ത് മുൻപ് കിണർ നിലനിന്നിരുന്നതായും സ്റ്റാഫ് കോട്ടേജ് നിർമ്മിക്കുന്ന സമയത്ത് കിണർ മൂടാതെ സ്ലാബ്‌ ഇട്ട് അതിനു മുകളിൽ വീട് പണിതതാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു. വളരെക്കാലമായി ശോചനീയ അവസ്ഥയിലായിരുന്നു ഈ സ്റ്റാഫ് കോട്ടേജ്. മഴ പെയ്താൽ വെള്ളം വീടിനകത്ത് ഒലിച്ചിറങ്ങുന്നത് തടയാൻ താമസക്കാർ ടാർപ്പോളിൻ കെട്ടിയ നിലയിലായിരുന്നു.കോട്ടേജ്. പലതവണ നന്നാക്കാൻ പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. സ്റ്റാഫ് കോട്ടേജിൽ താമസിക്കുന്നവർ പരാതി അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം ഗീതാ പ്രിജി ടി.ബി.ജി.ആർ.ഐ ഡയറക്ടറുമായി സംസാരിച്ചെങ്കിലും നടപടി എടുത്തില്ലെന്ന് പരാതിയുണ്ട്. മുപ്പത് വർഷം പഴക്കമുള്ള കോട്ടേജിൽ പതിനൊന്ന് വർഷമായി താമസിക്കുന്നത് സ്ഥാപനത്തിലെ ഗാർഡനർ സ്റ്റാഫായ മനോഹരനാണ്.ഒരു കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ അപകടം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു.സ്റ്റാഫ് കോട്ടേജിന്റെ വാടക ഇനത്തിൽ മാസം രണ്ടായിരം രൂപ ഈടാക്കിയിരുന്നു.എന്നാൽ കാലങ്ങളായി അറ്റകുറ്റപ്പണി ഒന്നും നടത്താറില്ലായിരുന്നു.

photo1