enforcement-directorate

കള്ളപ്പണം ഇടപാട് നടത്തിയെന്ന് സംശയമുള്ളവരെ കാരണം പോലും പറയാതെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താമെന്നും ചട്ടപ്രകാരമുള്ള അറസ്റ്റും സ്വത്ത് കണ്ടുകെട്ടലും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി വിധിച്ചതോടെ കേരളത്തിൽ മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാർക്കെതിരായ അന്വേഷണങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടുതൽ ശക്തിയോടെ പിടിമുറുക്കും. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷ്, മുഖ്യമന്ത്രിക്കെതിരേയടക്കം ഉന്നയിച്ച കറൻസി കടത്ത് ആരോപണത്തിലാവും ഇ.ഡി അടുത്തതായി ദംഷ്‌ട്ര കാട്ടുക. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർക്കെതിരെ സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ കുറ്റാരോപിതന് പ്രഥമവിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ നൽകേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ, മുഖ്യമന്ത്രിക്കെതിരേ പോലും രഹസ്യമായി കേസെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോവാൻ ഇ.ഡിക്ക് കഴിയും.

കേന്ദ്രസർക്കാരിന്റെ ആയുധമാണ് ഇ.ഡിയെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്രസർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നുവെന്നും ഉള്ള ആക്ഷേപമുയർത്തിയാണ് ഇ.ഡിയുടെ അന്വേഷണങ്ങളെ സർക്കാർ ഇതുവരെ പ്രതിരോധിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന കണ്ടെത്താൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് വി.കെ.മോഹനനെ ജുഡീഷ്യൽ കമ്മിഷനാക്കി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കമ്മിഷന്റെ പ്രവർത്തനം കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി സ്റ്റേ ചെയ്തതിനെത്തുടർന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സെപ്തംബറിൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. പക്ഷേ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞമാസം കമ്മിഷന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത്. ഇ.ഡിയുടെ സർവാധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ, ഇ.ഡിക്കെതിരെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം റദ്ദാകുമെന്ന് ഉറപ്പായി. മാത്രമല്ല, സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്തിട്ടുമുണ്ട്.

മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്. ഇ.ഡി രേഖപ്പെടുത്തുന്ന മൊഴികൾ ഭരണഘടനയുടെ 20(3) അനുച്ഛേദ പ്രകാരമുള്ള (കുറ്റാരോപിതനെ തനിക്കെതിരേ സാക്ഷി പറയുന്നതിന് നിർബന്ധിക്കുന്നത്) സംരക്ഷണത്തെ ബാധിക്കില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) സെക്‌ഷൻ-67പ്രകാരം ഇ.ഡിയുടെ നടപടികൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരമുള്ളത്. ജുഡീഷ്യൽ അന്വേഷണ കമ്മിഷന് സിവിൽകോടതിയുടെ അധികാരമാണുള്ളത്. അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ ഇടപെടാൻ കോടതികൾക്കു പോലും പരിമിതമായ അധികാരമാണുള്ളത്. ഒരു ഏജൻസിയുടെ അന്വേഷണം പൂർത്തിയാകാതെ ശരിതെറ്റുകൾ കണ്ടെത്താൻ കമ്മിഷനെ നിയോഗിക്കുന്നത് അന്വേഷണത്തിലുള്ള ഇടപെടലാണ്. ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം ഏഴാം ഷെഡ്യൂളിലെ ഒന്നാംലിസ്റ്റിൽ ഉൾപ്പെട്ട കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രവിഷയമാണ്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ. ആർ) രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടതോടെ, ഉന്നതർക്കെതിരെ ശക്തവും രഹസ്യാത്മകവുമായ അന്വേഷണത്തിന് ഇ.ഡിക്ക് കഴിയും.

സർവാധികാരിയായി

എൻഫോഴ്സ്‌മെന്റ്

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള വിശാലമായ അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ, അറസ്​റ്റ്, കണ്ടുകെട്ടൽ, പരിശോധന നടത്തി പണം പിടിച്ചെടുക്കൽ നടപടികൾ ഇ.ഡി ശക്തമാക്കും. ഓരോ കേസിലും വ്യക്തികൾക്ക് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) നൽകണമെന്ന് നിർബന്ധമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ഇ.ഡി. ഉദ്യോഗസ്ഥർ പൊലീസല്ല. ഇ.സി.ഐ.ആറിന് പൊലീസിന്റെ എഫ്.ഐ.ആറുമായി ബന്ധമില്ല. എഫ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിച്ചട്ടങ്ങൾ ഇ.സി.ഐ.ആറിനില്ല. അത് ഇ.ഡി.യുടെ ആഭ്യന്തരരേഖ മാത്രമാണ്. അതിനാൽ പ്രതിക്ക് ഇ.സി.ഐ.ആർ. നൽകണമെന്ന് നിർബന്ധമില്ല.- ഇതാണ് ഉത്തരവ്. ഇതോടെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഒരാൾ യഥാസമയം അറിയണമെന്നില്ല. അറസ്​റ്റ് വേളയിൽ കാരണങ്ങൾ വ്യക്തമാക്കിയാൽ മതി.

ആരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താൻ ഇഡിക്ക് അധികാരം നൽകുന്ന അമ്പതാം വകുപ്പും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന മൊഴികൾ കോടതിക്ക് സ്വീകരിക്കാം. തെ​റ്റായവിവരം നൽകിയാൽ ശിക്ഷ ലഭിക്കുമെന്നതിനെ, മൊഴി നൽകാൻ നിർബന്ധിക്കലായി കണക്കാക്കാനാവില്ല. അറസ്​റ്റ് ചെയ്തയാളെ ഹാജരാക്കുമ്പോൾ ഇ.ഡി. നൽകുന്ന രേഖകൾ കോടതിക്ക് പരിശോധിച്ച് അയാളെ വീണ്ടും തടവിൽ വയ്‌ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം- ഇതാണ് സുപ്രീംകോടതി പറഞ്ഞത്. അന്വേഷണത്തിന് പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 50 ഒരു സിവിൽ കോടതിയുടെ അധികാരം ഇ.ഡി ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇ.ഡി കുറ്റപത്രം നൽകിയാൽ, കു​റ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാക്കുന്ന വകുപ്പുകളും കോടതി ശരിവച്ചു. ബിനീഷ് കോടിയേരിക്കെതിരെ ബംഗളുരുവിലുള്ള കേസിലടക്കം ഇത് പ്രതിഫലിക്കും. കു​റ്റം ചെയ്തിട്ടില്ലെന്നും ഭാവിയിൽ കു​റ്റം ചെയ്യില്ലെന്നും കോടതിക്ക് ബോദ്ധ്യപ്പെടണമെന്ന ഇരട്ട ജാമ്യവ്യവസ്ഥ ഉൾപ്പെടുന്ന 45ാം വകുപ്പ് യുക്തസഹമാണെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. ഇതു കരുതൽ തടങ്കൽ പ്രോത്സാഹിപ്പിക്കുമെന്നും കേസിന്റെ ഒരു ഘട്ടത്തിലും നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകാതെയാണ് ഇരട്ടജാമ്യ വ്യവസ്ഥയെന്നുമുള്ള വാദങ്ങൾ തള്ളിയ കോടതി, നിരപരാധിത്വം തെളിയിക്കേണ്ട ബാദ്ധ്യത കു​റ്റാരോപിതരുടേതാക്കുന്ന 24–ാം വകുപ്പ് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന വാദവും അംഗീകരിച്ചിട്ടില്ല. സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള അധികാരമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചാൽ ഏതു കെട്ടിടത്തിലും വാഹനത്തി​ലും വിമാനത്തിലും ജലയാനങ്ങളിലും പ്രവേശിക്കാം. ലോക്കറുകൾ പൂട്ടുപൊളിച്ചും പരിശോധിക്കാം. രേഖകൾ പിടിച്ചെടുക്കാം. വ്യക്തികളെ പരിശോധിക്കുന്നതിന് അധികാരമുണ്ട്. കുറ്റംചെയ്ത വ്യക്തിയെ അറസ്റ്റുചെയ്യാം. 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം തുടങ്ങിയ ഇ.ഡിയുടെ സവിശേഷ അധികാരങ്ങളെല്ലാം സുപ്രീംകോടതി ശരിവച്ചു.

അന്വേഷണങ്ങൾ മുടക്കിയത്

ഇ.ഡി: മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്, ജുഡീഷ്യൽ അന്വേഷണങ്ങളെ തടസപ്പെടുത്തുന്നത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണെന്നാണ് (ഇ.ഡി) മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സർക്കാരിന്റെ നേതൃത്വത്തിലുള്ളവരെക്കുറിച്ച് പറയാൻ സ്വർണക്കടത്ത് പ്രതികളെ നിർബന്ധിച്ചെന്ന ശബ്ദസന്ദേശം പുറത്തുവന്നപ്പോഴായിരുന്നു അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. പൊതുസമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വെളിപ്പെടുത്തലായിരുന്നു ഇത്. എന്നാൽ ഇ.ഡി സുപ്രീം കോടതിയിലെത്തി സ്റ്റേ നേടി. സർക്കാർ ഇതിൽ നിയമപരമായ നടപടികളെടുക്കും. കേന്ദ്രഏജൻസികളുടെ അന്വേഷണത്തെ തടസപ്പെടുത്തുന്നതല്ല ഈ അന്വേഷണങ്ങൾ. കേന്ദ്രഏജൻസികൾ ചില ലക്ഷ്യങ്ങളോടെയാണ് നീങ്ങുന്നത്. ഇ.ഡി അടക്കമുള്ള ഏജൻസികൾ കൽപ്പിത കഥകൾ മെനയുന്നു. ഗുരുതരമായ രാജ്യദ്റോഹം ഉൾപ്പെടെയുള്ള കേസുകളിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ അന്വേഷണ ഏജൻസികളുടെയും മ​റ്റും നിർദ്ദേശാനുസരണം കഥകളുണ്ടാക്കി മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.