
തിരുവനന്തപുരം: തലസ്ഥാനത്ത് വലിയശാല മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമണ്ഡപത്തിൽ ദീപകന്യകമാർക്കൊപ്പം ഇടം പിടിച്ചിട്ടുള്ളത് വേണാട്ടില രവിവർമ്മ സംഗ്രാമധീരന്റെ പ്രതിമ. രാജഭരണകാലത്ത് കാഞ്ചീപുരം വരെയുള്ള പ്രദേശങ്ങളുടെ ഭരണാധികാരിയായിരുന്നു വേണാട്ട് രാജ്യാധിപൻ സംഗ്രാമധീരൻ (1266-1316). തമിഴ്നാട്ടിലെ 'ശ്രീമുഷ്ണം' ക്ഷേത്രത്തിൽ കാണപ്പെടുന്നതും ധർമ്മമഹാരാജയെന്ന ബഹുമതി ബിരുദം രേഖപ്പെടുത്തിയതുമായ കൽപ്രതിമയുമായി വലിയശാലയിലെ പ്രതിമയ്ക്കുള്ള അസാധാരണ സാമ്യം കണ്ടെത്തിയത് ചരിത്രകാരനും പണ്ഡിതനുമായ ഡോ. എം.ജി. ശശിഭൂഷണാണ്. തോളോളം നീട്ടിയ കാതുകളും വിരിഞ്ഞ മാറും ഉടവാളേന്തിയ കൈയുമാണ് രണ്ടു പ്രതിമകൾക്കുമുള്ളത്. കർമ്മകല്ലിലാണ് വലിയശാലയിലെ പ്രതിമ തീർത്തിട്ടുള്ളത്. ' പോർട്രെയിറ്റ് സ്റ്റാച്യു ' വിഭാഗത്തിൽപ്പെടുന്നതാണ് ഈ പ്രതിമ. കാഞ്ചീപുരത്തെ വിജയത്തിന് ശേഷമാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറുവശം രവിവർമ്മ സംഗ്രാമധീരൻ കാഞ്ചീപുരം മഠം സ്ഥാപിച്ചത്. ചോളന്മാരുടെ ആക്രമണത്തിന്റെ നാളുകളിൽ തകർന്നുപോയ വലിയശാല ക്ഷേത്രം പുനർനിർമ്മിച്ചത് രവിവർമ്മ സംഗ്രാമധീരനാണെന്ന് ഇവിടെ നിന്നു ലഭിച്ച അദ്ദേഹത്തിന്റെ വിളംബരം സൂചിപ്പിക്കുന്നു. കാന്തളൂർശാല എന്ന മഹാവിദ്യാലയം നശിപ്പിക്കുകയായിരുന്നു ചോളാക്രമണങ്ങളുടെ ലക്ഷ്യം.
രവിവർമ്മ സംഗ്രാമധീരന്റെ കാലശേഷം വലിയശാല ക്ഷേത്രം വേണാട്ടിലെ ദേശിങ്ങനാട് ശാഖയുടെ കീഴിലായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അന്നത്തെ ഭരണസമിതിയായ എട്ടര യോഗത്തിന്റെ നിയന്ത്രണത്തിലായി പിന്നീട് ക്ഷേത്രം. പദ്മനാഭസ്വാമി ക്ഷേത്ര പുനർനിർമ്മാണത്തിന്റെ നാളുകളിൽ ഈ ക്ഷേത്രവും മാർത്താണ്ഡവർമ്മ നവീകരിച്ചു. ശിവക്ഷേത്രത്തിന് തെക്കുവശത്തുളള വിഷ്ണുക്ഷേത്രം നിർമ്മിച്ചത് ഇക്കാലത്താണ്.
അസ്തമയ സൂര്യന്റെ ചെങ്കതിർ പതിക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുന്ന രവിവർമ്മ സംഗ്രാമധീരന്റെ പ്രതിമ സ്ഥാപിക്കാനുള്ള സ്ഥാനം നിർണ്ണയിച്ചത് ജ്യോതിശാസ്ത്രത്തിൽ അവഗാഹമുള്ള മഹാപണ്ഡിതനാവാമെന്നാണ് ശശിഭൂഷണിന്റെ പക്ഷം.