1

പൂവാർ: പൂവാർ ഗ്രാമ പഞ്ചായത്തിലെ തെറ്റിക്കാട് പ്രദേശത്തിന്റെ വികസനം മുരടിച്ചതായി പ്രദേശവാസികൾ. അരുമാനൂർ (5) വാർഡിൽ ഉൾപ്പെട്ട തെറ്റിക്കാട് ബണ്ട് റോഡിന് ഇരുവശങ്ങളിലായി വസിക്കുന്ന 60 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികൾ എങ്ങുമെത്തിയില്ല.

പൂവാർ മുതൽ കോരുകാൽകടവ് വരെ നീളുന്ന ബണ്ട് റോഡ് ഒരു ചരിത്രമാണെന്ന് പ്രദേശവാസികൾ. കൃഷി സമൃദ്ധമായിരുന്ന പ്രദേശമാണ് തെറ്റിക്കാട്. നെയ്യാറിൽ വെള്ളപ്പൊക്കമുണ്ടായാൽ പ്രദേശത്തെ നെൽകൃഷി നശിക്കാതിരിക്കാൻ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമ്മിച്ചത്. അതിന് മീതെ റോഡാകാൻ 26 പേർ 25 വർഷം കേടതി കയറിയ സംഭവും നാട്ടുകാർ സ്മരിക്കുന്നു. അങ്ങനെയാണ് തെറ്റിക്കാട് ബണ്ട് റോഡായി മാറിയത്.

ഇപ്പോൾ റോഡിന് ഇരുവശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്.

പൂവാർ ബണ്ട് റോഡ് സാംസ്കാരിക നിലയം സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലാണ്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2015ൽ നിർമ്മാണം ആരംഭിച്ച സാംസ്കാരിക നിലയം 2018-ൽ ഉദ്ഘാടനം ചെയ്തു. അന്ന് മുതൽ അടഞ്ഞ് കിടന്ന കെട്ടിടത്തിൽ വൈദ്യുതിയോ, പൈപ്പ് കണക്ഷനോ ടോയ്‌ലെറ്റ് സംവിധാനങ്ങളോ ഇല്ല. കുറച്ച് നാൾ പൂവാർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ഒരു പ്രോജക്ടിന്റെ ഭാഗമായി കയർ നിർമ്മാണം നടത്താൻ തുറന്നത് മാത്രമാണ് ഉപയോഗം.

പ്രദേശവാസികളുടെ ആദ്യകാല സാംസ്കാരിക കേന്ദ്രം റേഡിയോ പാർക്ക് ആയിരുന്നു. പിന്നെയത് ടി.വി ക്യോസ്ക്കായിമാറി. വായനശാലയായും, സ്റ്റേഡിയത്തിൽ കളിച്ച് തളരുന്ന കുട്ടികൾ വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്.

പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക സ്ഥാപനം ഗ്രാമ പഞ്ചായത്തിലെ 28-ാo നമ്പർ അംഗൻവാടി മാത്രമാണ്. അതാകട്ടെ വാടക കെട്ടിടത്തിലും.