
നേമം ടെർമിനൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ റെയിൽവേ വികസന കാര്യങ്ങൾ ഉന്നയിക്കാൻ ഡൽഹിയിലെത്തിയ സംസ്ഥാനത്തെ മൂന്നുമന്ത്രിമാർക്ക് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്നത് വിവാദമായത് സ്വാഭാവികമാണ്. മന്ത്രിക്കു നൽകേണ്ട നിവേദനം സഹമന്ത്രിക്കും വകുപ്പുമന്ത്രിയുടെ ഓഫീസിലും നൽകി മടങ്ങേണ്ടിവന്ന സംസ്ഥാന മന്ത്രിമാർ തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത് എന്നതിനാൽ വിശ്വസിക്കാതെ തരമില്ല. എന്നാൽ കൂടിക്കാഴ്ചയ്ക്ക് സമയം അറിയിച്ചുകൊണ്ട് റെയിൽവേമന്ത്രിയുടെ ഓഫീസിൽനിന്ന് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ച ശേഷമാണോ കേരള മന്ത്രിമാർ ഡൽഹിക്കു തിരിച്ചതെന്നു വ്യക്തമല്ല. നേരത്തെ രണ്ട് ഇടതു എം.പിമാർ വാക്കാൽ ഇതിനുള്ള അനുമതി ലഭിച്ചിരുന്നെന്ന് പറയുന്നുണ്ട്. പക്ഷേ ഇതൊക്കെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെന്നോർക്കണം. സമയവും കാലവുമൊക്കെ നിശ്ചയിച്ചുറപ്പിച്ച ശേഷമേ ഇത്തരം കൂടിക്കാഴ്ചകൾക്ക് തിരിക്കാവൂ എന്ന് അറിയാത്തവരല്ല സംസ്ഥാന മന്ത്രിമാർ. എവിടെയാണ് വീഴ്ചപറ്റിയതെന്ന് അന്വേഷിക്കാവുന്നതാണ്. ഇതിനൊക്കെ വേണ്ടിയാണ് വൻ ശമ്പളത്തിൽ ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമുള്ളത്. ഈ ഉദ്യോഗസ്ഥന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങളിൽ വീഴ്ചസംഭവിച്ചാൽ അന്വേഷിച്ചറിയേണ്ടത് സംസ്ഥാന സർക്കാരാണ്.
നമുക്കാവശ്യം നേമം ടെർമിനൽ എങ്ങനെയും യാഥാർത്ഥ്യമാക്കുക എന്നതാണ്. അതിനുവേണ്ടി എന്തൊക്കെ ചെയ്യാനാകുമോ അതൊക്കെ ചെയ്യാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണം. മുൻകൂർ അനുമതി വാങ്ങിത്തന്നെ റെയിൽവേമന്ത്രിയെ ഇനിയും സന്ദർശിച്ച് വിഷയം സമർപ്പിക്കാവുന്നതാണ്.
വർഷങ്ങളായി റെയിൽവേ വകുപ്പിന് മുന്നിലുള്ള ആവശ്യമാണ് നേമം ടെർമിനൽ. മുൻകാല റെയിൽവേ ബഡ്ജറ്റുകളിലൊന്നിൽ ഇത് അംഗീകരിക്കപ്പെട്ടതുമാണ്. പലകുറി റെയിൽവേ മന്ത്രിമാരിൽ നിന്ന് പ്രഖ്യാപനങ്ങളുമുണ്ടായി. ഔപചാരികമായി തറക്കല്ലിടൽ വരെ നടന്നതുമാണ്. പക്ഷേ ടെർമിനൽ വികസനം മാത്രം നടന്നില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഇനി വികസിപ്പിക്കാനാവാത്ത വിധം ഞെരുക്കത്തിലായതിനാൽ നേമം സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനായി അനായാസം വികസിപ്പിക്കാനാവുന്നതിനാലാണ് അത്തരത്തിൽ ആലോചനയുണ്ടായത്. ഇതിനായി കുറെ സ്ഥലവും ഏറ്റെടുത്തിരുന്നു. സെൻട്രൽ സ്റ്റേഷനിൽ കൂടുതൽ ലൈനുകൾ സ്ഥാപിക്കാൻ ഇടമില്ലാത്തതിനാൽ പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് തടയേണ്ട സ്ഥിതി വർഷങ്ങളായി തുടരുകയാണ്. കൊച്ചുവേളിയെ ഉപഗ്രഹ സ്റ്റേഷനായി വികസിപ്പിക്കുന്നതിനൊപ്പം നേമത്തും ടെർമിനൽ സ്റ്റേഷൻ വന്നാൽ വലിയ മാറ്റമുണ്ടാകും. വലിയ തോതിൽ പണച്ചെലവില്ലാതെ എളുപ്പം തീർക്കാവുന്ന വികസന പദ്ധതി എന്തുകൊണ്ടാണ് റെയിൽവേ ബോർഡ് ദാക്ഷിണ്യമില്ലാതെ അവഗണിക്കുന്നതെന്നു മനസിലാകുന്നില്ല.
നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചെന്നു പ്രസ്താവന പുറപ്പെടുവിക്കാനുള്ള കാരണം പോലും ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൂന്നു മന്ത്രിമാർ റെയിൽവേ സഹമന്ത്രിയെ നേരിൽക്കണ്ടപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന നിലപാടാണു അറിയിച്ചതത്രേ. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിൽ അതു എന്തുകൊണ്ടാണ് പ്രവൃത്തിപഥത്തിലെത്തിക്കാൻ നടപടിയെടുക്കാത്തതെന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾക്കു താത്‌പര്യമുണ്ട്. രാഷ്ട്രീയപ്പോരിന് വേദികൾ ധാരാളമുള്ളപ്പോൾ വികസന പദ്ധതികളെ രാഷ്ട്രീയക്കുരുക്കിൽപ്പെടുത്തി തടസമുണ്ടാക്കുന്നവർ ആരായാലും ജനങ്ങളോടു കാണിക്കുന്ന വലിയ ദ്രോഹമാണത്. രാഷ്ട്രീയം മാറ്റിവച്ച് ഒന്നിച്ചുനിന്ന് കൂടുതൽ വികസന പദ്ധതികൾ നേടിയെടുക്കുന്ന തമിഴ്‌നാടിന്റെ സമീപനമാണ് കേരളവും പകർത്തേണ്ടത്.