story

തിരുവനന്തപുരം: 26 വർഷമായി പശ്ചിമബംഗാൾ സ്വദേശി അജിത്ത് സർക്കാരിന് യോഗാഭ്യാസം ജീവിത വ്രതമാണ്. പക്ഷേ അതുകൊണ്ട് പട്ടിണിമാറില്ലെന്ന തിരിച്ചറിവിൽ ബംഗാളിലെ അലീപൂർദ്വാർ ജില്ലയിലെ തെലിപ്പാറയിൽ നിന്ന് കുടുംബസമേതം കേരളത്തിലേക്ക് വണ്ടി കയറി. ഇവിടെ റോഡ്,​ കെട്ടിട നിർമ്മാണങ്ങൾക്ക് സിമന്റ് കുഴയ്‌ക്കുന്നതാണ് ജോലി. ദിവസം 800 രൂപ കിട്ടും. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഈ മുപ്പത്തേഴുകാരൻ ഇപ്പോൾ ഹാപ്പിയാണ്. എങ്കിലും താത്പര്യമുള്ളവർക്ക് യോഗ പകരാൻ അജിത്ത് കാത്തിരിക്കുകയാണ്.

11-ാം വയസിലാണ് സഹോദരനിൽ നിന്ന് അജിത്ത് യോഗ പരിശീലനം നേടിയത്. ഇപ്പോൾ പാദഹസ്‌താസനം,​ വൃക്ഷാസനം,​ ത്രികോണാസനം,​ നടരാജാസനം,​ മേരുദണ്ഡാസനം,​ ധനുരാസനം തുടങ്ങിയ യോഗാഭ്യാസങ്ങളും സാഹസികത നിറഞ്ഞ ശരീരാഭ്യാസങ്ങളും നിഷ്പ്രയാസം ചെയ്യും. ഗ്രാമത്തിൽ നിരവധി സ്‌കൂളുകളിലെ യോഗ ഗുരുവായിരുന്നു. ആറായിരം വിദ്യാർത്ഥികളെ യോഗ പഠിപ്പിച്ചു. പക്ഷേ കാര്യമായ ഫീസൊന്നും കിട്ടിയില്ല. തുടർന്ന് കൂലിപ്പണിക്ക് പോയെങ്കിലും മുന്നൂറ് രൂപയായിരുന്നു ദിവസക്കൂലി.

മകൻ അർക്ക ജനിച്ചതോടെ ജീവിതച്ചെലവ് കൂടി. ഒടുവിൽ മൂന്ന് വർഷം മുമ്പ് കേരളത്തിലെത്തി. രണ്ട് വർഷം കട്ടപ്പനയിലായിരുന്നു ജോലി. ഇപ്പോൾ തിരുവനന്തപുരത്ത് പേട്ടയിലും. ഇവിടെ തന്നെയാണ് താമസവും. ഭാര്യ പാറുമിത മകനൊപ്പം നാട്ടിലാണ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടനിർമ്മാണത്തിനിടെയുള്ള ഇടവേളയിൽ അജിത് കഴിഞ്ഞദിവസം വിവിധതരം യോഗാഭ്യാസങ്ങൾ കാട്ടി യാത്രക്കാരെ ആകർഷിച്ചിരുന്നു.

 പുരസ്‌കാരപ്പെരുമയേറെയുണ്ട്

എന്നും രാവിലെ ഒരു മണിക്കൂർ അജിത്ത് യോഗ ചെയ്യും. കൊൽക്കത്തയിൽ നടന്ന വിവിധ യോഗ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. വിവിധ ദേശീയ മത്സരങ്ങളിെൽ ബംഗാളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. നിരവധി പുരസ്കാരങ്ങളും നേടി.

'ആരോഗ്യത്തിനും തലച്ചോറിന്റെ വികാസത്തിനും യോഗ അനിവാര്യമാണ്. കുട്ടികളിൽ മാനസിക സന്തോഷവും ഏകാഗ്രതയും പ്രധാനം ചെയ്യുന്നു. കുട്ടികളെ യോഗ പഠിപ്പിക്കാൻ താത്പര്യമുണ്ട്".

- അജിത്ത് സർക്കാർ