ഈ മാസം ഡീ അഡിക്ഷൻ ചികിത്സയ്ക്കെത്തിയത് 902 പേർ
പരിമിതികളിൽ പകച്ച് പൊലീസും എക്സൈസും
തിരുവനന്തപുരം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച രക്ഷിതാവിന്റെ വെളിപ്പെടുത്തലും ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലെ വർദ്ധനവും ആശങ്കയാകുന്നു. ജില്ലയിൽ ഈ മാസം 902 പേരാണ് ലഹരിവിമുക്ത ചികിത്സതേടി നെയ്യാറ്റിൻകര ഗവ. ആശുപത്രിയിലെ ഡീ അഡിക്ഷൻ സെന്ററിലെത്തിയത്. ലഹരിക്ക് പൂർണമായി അടിമപ്പെട്ട 143 പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി. ഇവരിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന വിവരം ലഭ്യമാക്കാൻ പൊലീസോ എക്സൈസോ ആരോഗ്യവകുപ്പോ തയ്യാറാകുന്നില്ല.
ജില്ലയിൽ സ്‌കൂളുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്ന് അധികൃതർ പറയുമ്പോഴും വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നത് വസ്‌തുതയാണ്. കഞ്ചാവിനൊപ്പം സിന്തറ്റിക് ഡ്രഗ്ഗായ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും ഗ്രാമങ്ങളിലും സുലഭമായതോടെ കൗമാരക്കാരാണ് കൂടുതലും ഇരകളാകുന്നത്. കൊല്ലം ജില്ലയിൽ പെൺകുട്ടിയുൾപ്പെടെ 15 വിദ്യാർത്ഥികളെയാണ് എക്സൈസ് ഡീ അഡിക്ഷൻ ചികിത്സയ്‌ക്ക് വിധേയരാക്കിയത്.
സ്‌കൂൾ-കോളേജ് കാമ്പസുകളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലുണ്ട്. കോളേജുകളിൽ നാർക്കോട്ടിക് ക്ളബുകളുടെ പ്രവർത്തനവും ബോധവത്കരണവുമാണ് സെൽ നടത്തുന്നത്. ലഹരി വിമുക്തപ്രവർത്തനങ്ങൾക്കായി എക്സൈസ് ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയിലും ബോധവത്കരണ പരിപാടികളാണ് പ്രധാനമായും നടത്തുന്നത്. 26 റിസോഴ്സ് പേഴ്സണുകളും ഇൻഹാൻസിൽ നിന്ന് പരിശീലനം ലഭിച്ച കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസിലിംഗും പദ്ധതിയുടെ ഭാഗമായുണ്ട്. ആദിവാസിമേഖലകളിൽ ഞാറനീലി, ഇടിഞ്ഞാർ സ്‌കൂളുകളിൽ രണ്ട് ഫുട്ബാൾ ക്ളബുകളിലും ജില്ലയിലെ മറ്റ് നാല് സ്‌കൂളുകളിൽ ഉണർവ് പദ്ധതിയിലുമായി ഒതുങ്ങുകയാണ് ലഹരി വിമുക്ത പ്രവർത്തനം.
ചെറുപ്രായത്തിലെ കുട്ടികളെ വശത്താക്കി തങ്ങളുടെ കണ്ണികളാക്കുന്നതാണ് ലഹരിമാഫിയകളുടെ രീതി. കാമ്പസുകളുടെ പരിസരത്ത് റോന്ത് ചുറ്റുമെന്നല്ലാതെ ലഹരിമാഫിയയെ അമർച്ചചെയ്യാനുള്ള നടപടികൾ പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നുണ്ടാകാറില്ലെന്നാണ് ആക്ഷേപം.
പരിശോധനയ്‌ക്ക് പരിമിതി
പ്രായപൂർത്തിയായവരെപ്പോലെ വിദ്യാർത്ഥികളെ തടഞ്ഞുവയ്ക്കാനും ദേഹപരിശോധന നടത്താനും പരിമിതികളുണ്ടെന്നാണ് പൊലീസും എക്സൈസും പറയുന്നത്. വിശ്വാസയോഗ്യമായ വിവരം ലഭിച്ചാലും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ പരിശോധിക്കാനാകൂ. മക്കൾ ലഹരിക്ക് അടിമപ്പെട്ടതായി പറഞ്ഞാലും പല രക്ഷിതാക്കളും ഇതിന് അനുവദിക്കാറില്ല. ലഹരിക്കായി പണം ആവശ്യപ്പെട്ട് വീട്ടിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയോ ലഹരികിട്ടാത്തപ്പോഴുള്ള വിഭ്രാന്തികൾ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോഴാണ് രക്ഷിതാക്കൾ കാരണം കണ്ടെത്താൻ ശ്രമിക്കുന്നത്.
സ്‌കൂളിലും കോളേജിലും നടക്കുന്ന കാര്യങ്ങളിൽ സ്‌കൂൾ മാനേജ്മെന്റിനോ അദ്ധ്യാപകർക്കോ പി.ടി.എക്കോ ആണ് ഇടപെടാനാകുക. ചെറിയ സംഭവങ്ങളെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാലും സ്‌കൂളിന്റെ സൽപ്പേരിന് മോശമാകുമെന്ന് കരുതി പൊലീസിനെയോ എക്സൈസിനെയോ അറിയിക്കാറില്ല.
ഫലപ്രദമായ ഇടപെടൽ
നിരന്തരം പണം ആവശ്യപ്പെടുക
എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടിരിക്കുക
പഠനത്തിൽ പിന്നാക്കം പോകുക
ഉറക്കമില്ലായ്‌മ
കുട്ടികളിൽ ഇത്തരം പെരുമാറ്റ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ
നിരീക്ഷിക്കുകയും കൗൺസലിംഗും ചികിത്സയും നൽകുകയും വേണം
ഡീ അഡിക്ഷൻ ചികിത്സ
തുടക്കം - 2019
2022 ജൂലായ് 29വരെ ചികിത്സതേടിയത്- 5,876
കിടത്തി ചികിത്സയ്ക്ക് വിധേയരായവർ- 627