file

തിരുവനന്തപുരം: `തലമുറകളായി കൈവശമുള്ള ഭൂമിയാണ്. പട്ടയം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ട്. നാലു വർഷം ഓഫീസുകൾ കയറിയിറങ്ങി മടുത്തു. രേഖകൾ കാണാതായെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് വിരമിച്ച ഉദ്യോഗസ്ഥൻ കാണാനെത്തിയത്. രണ്ടു ലക്ഷം നൽകിയാൽ ഒരു മാസത്തിനകം പട്ടയം കൈയിലെത്തുമെന്ന് ഉറപ്പ്. കാണാതായ രേഖകളെല്ലാം പൊങ്ങി. രണ്ടാഴ്ചയ്ക്കകം പട്ടയവും. രണ്ടു ലക്ഷം പോയെങ്കിലെന്താ, കാര്യം നടന്നല്ലോ...''

തലസ്ഥാനത്തെ വർഗ്ഗീസെന്ന 56കാരന്റെ വാക്കുകളിൽ റവന്യൂ വകുപ്പിൽ കൊടി കുത്തിവാഴുന്ന അഴിമതിയുടെ നേർസാക്ഷ്യം.വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പലയിടത്തും സമാന്തര വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബാലുശേരിയിലും നന്മണ്ടയിലും രണ്ടു കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് ഓഫീസ് തുറന്ന് ഇടപാടുകൾ നടത്തുന്നവരും, രഹസ്യക്കാരുടെ ഗൂഗിൾപേയിലൂടെ കോഴ വാങ്ങുന്നവരുമുണ്ട്.

വസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപ്പകർപ്പ് എന്നിവയാണ് ഏറ്റവുമധികം കോഴ മറിയുന്ന ഇടപാടുകൾ.2017ൽ വിജിലൻസ് തയ്യാറാക്കിയ വകുപ്പുകളുടെ അഴിമതി സൂചികയിൽ രണ്ടാമതായിരുന്ന റവന്യൂ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. തദ്ദേശ വകുപ്പായിരുന്നു 2017ൽ ഒന്നാമത്.ഈ ജനുവരി മുതൽ ഇന്നലെ വരെ വിജിലൻസ് നടത്തിയ 28ട്രാപ്പ് ഓപ്പറേഷനുകളിൽ 12 റവന്യു ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.ഇവർ ഒരു വർഷം സസ്പെൻഷനിലാവും. കേസും,. ക്രമക്കേട് കാട്ടുന്നവർക്കെതിരേ സർക്കാർ തലത്തിൽ നടപടികളുണ്ടാവും. എന്നിട്ടും അഴിമതിക്ക്

കുറവില്ല.

കോഴയോടെ കുടുങ്ങിയവർ

 പാലക്കാട് കോങ്ങാട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റുമാരായ മനോജ്, പ്രസന്നൻ

 കാസർകോട് നെട്ടണികെ വില്ലേജ് ഓഫീസർ എസ്.എൽ സോണി

 കൂട്ടിലങ്ങാടി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യൻ

 പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉല്ലാസ്

 അമ്പലപ്പാറ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ

 റിട്ട. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുകുമാരൻ

 ചെറുകോൽ വില്ലേജ് ഓഫീസർ രാജീവ്, ഫീൽഡ് അസിസ്റ്റന്റ് ജിനു

 ചാവക്കാട് താലൂക്ക് സർവേയർ അനിരുദ്ധൻ

 പാലക്കാട് വടക്കപ്പതിരി വില്ലേജ് ഓഫീസർ മുഹമ്മദ് ഫാസിൽ

 തിരുവനന്തപുരം താലൂക്ക് സർവേയർ ഗിരീശൻ

ഇക്കൊല്ലത്തെ അറസ്റ്റ്

 റവന്യു.....................12

 തദ്ദേശം.....................8

 ആരോഗ്യം...............2

 രജിസ്ട്രേഷൻ.........2

 പൊലീസ്...................1

 വിദ്യാഭ്യാസം.............1

 സർവകലാശാല......1

 ജലഅതോറിട്ടി.........1

 ഇറിഗേഷൻ..............1

 സപ്ലൈകോ.............1

`കൈക്കൂലി മാത്രമല്ല, ജനങ്ങളെ പലതവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണ്. മുഖം നോക്കാതെ നടപടിയെടുക്കും'.

- കെ. രാജൻ, റവന്യു മന്ത്രി

'അഴിമതിക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യും".

- മനോജ് എബ്രഹാം, വിജിലൻസ് മേധാവി