road

തിരുവനന്തപുരം: അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് ഗതാഗത നിയമങ്ങളിൽ പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പ് റോഡ് സുരക്ഷാ അതോറിട്ടിയുടെ സഹകരണത്തോടെ കൈപ്പുസ്തകം തയ്യാറാക്കി. സുരക്ഷിതയാത്രയെന്നാണ് പുസ്തകത്തിന്റെ പേര്. കാൽനടയാത്രയിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ, ഇരുക്ര,​ നാലുചക്ര ​ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,​ റോഡ് അപകടത്തിൽപ്പെടുന്നവർക്കുള്ള പ്രഥമശുശ്രൂഷ ,​ അമിതവേഗം,​ മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയുടെ ദുരന്തങ്ങൾ,​ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് സുരക്ഷിത യാത്രയിൽ പരാമർശിച്ചിരിക്കുന്നത്. കരിക്കുലം കമ്മിറ്റി പുസ്തകം അംഗീകരിച്ചതോടെ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ അദ്ധ്യാപക പരിശീലനത്തിനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ ഗവ.യു.പി സ്കൂളുകളിലെയും ഒരു അദ്ധ്യാപകനാണ് പരിശീലനം. പരിശീലനം ലഭിച്ച അദ്ധ്യാപകൻ മറ്റ് അദ്ധ്യാപകർക്ക് പരിശീലനം നൽകിയശേഷം സുരക്ഷിതയാത്ര കുട്ടികളെ പരിചയപ്പെടുത്തും. പുസ്തകത്തിന്റെ ഓരോ കോപ്പി വീതം സ്കൂൾ ലൈബ്രറിയിലും അദ്ധ്യാപകർക്കും സ്കൂളുകളിൽ രൂപീകരിക്കുന്ന റോഡ് സേഫ്റ്റി ക്ളബ്ബുകൾക്കും നൽകും. സംസ്ഥാനത്തെ 11,​500 സ്കൂളുകളിലാണ് ഇത് തുടക്കത്തിൽ നടപ്പാക്കുക.

സ്കൂൾ തലം മുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പരിശീലിപ്പിക്കുകയാണ് ഉദ്ദേശ്യം. റോഡ് സുരക്ഷയും സുരക്ഷിത യാത്രയും സിലബസിൽ ഉൾപ്പെടുത്തുന്നതിലൂടെ ഭാവിയിൽ ഗതാഗത നിയമലംഘനങ്ങൾ തടയാനും അപകടകരമായ വിധത്തിലുള്ള ഡ്രൈവിംഗ് ഒഴിവാക്കാനും കഴിയും. നാറ്റ് പാക് സഹായത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

- ഡെപ്യൂട്ടി ഡയറക്ടർ,​ റോഡ് സേഫ്റ്റി അതോറിട്ടി