a

 അനീതിയെന്ന് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി നഗരകാര്യ വകുപ്പിൽ നടക്കുന്ന അനർഹമായ ആശ്രിതനിയമനം കാരണം നിരവധി ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമാകുന്നതായി ആരോപണം. പി.എസ്.സിയോ മറ്റു ഭരണസംവിധാനങ്ങളോ ഇതുസംബന്ധിച്ച് യാതൊരു പരിശോധനയും നടത്താറില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ഇക്കാരണത്താൽ തന്നെ 168 തസ്തികകളിലുണ്ടായിരുന്ന ഒഴിവുകളിൽ 158 എണ്ണത്തിലും ആശ്രിതനിയമനം നൽകിയെന്നാണ് ആക്ഷേപം. സർക്കാർ സർവീസിൽ 5 ശതമാനം മാത്രമാണ് ആശ്രിത നിയമനത്തിനായി മാറ്റിവച്ചിട്ടുള്ളത്. എന്നാലിവിടെ ഏകദേശം 95 ശതമാനത്തോളം നിയമനവും ആശ്രിതർക്കായി നടത്തിയെന്നാണ് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നത്. സംസ്ഥാനത്തെ വിവിധ നഗരസഭകളിലുള്ള ആറ് ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികയിൽ അഞ്ചിലും ജോലിചെയ്യുന്നത് ആശ്രിത നിയമനം വഴി ജോലി ലഭിച്ചവരാണ്. ഒരാൾ മാത്രമാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് അഡ്വൈസ്‌ ചെയ്യപ്പെട്ടത്. സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, റവന്യൂ ഓഫീസർ ഗ്രേഡ്-1 എന്നിവയിൽ ആകെ 37 തസ്തികയാണുള്ളത്. എന്നാലിതിൽ 31 എണ്ണത്തിലും ആശ്രിതനിയമനക്കാർ ജോലി ചെയ്യുന്നു. ഇവിടെയും ആറ് ഒഴിവിൽ മാത്രമാണ് പി.എസ്.സി വഴിയുള്ള നിയമനം നടന്നത്. 37 റവന്യൂ ഓഫീസർ ഗ്രേഡ്-2 തസ്തികയിൽ എല്ലാപേരും ആശ്രിതനിയമനം ലഭിച്ചവരാണ്. 88 ഹയർ ഗ്രേഡ് സൂപ്രണ്ടുമാരുടെ തസ്തികയിൽ 85ലും ആശ്രിതനിയമനക്കാരാണ് ജോലിചെയ്യുന്നത്. നഗരസഭകളിലും കോർപ്പറേഷനുകളിലും കണ്ടിജന്റ് വിഭാഗത്തിൽ ജോലിചെയ്തിരുന്നവരുടെ ആശ്രിതരാണ് ഇങ്ങനെ നിയമനം നേടിയവരിലേറെയും. വ്യവസ്ഥാപിത രീതിയിൽ നടത്തേണ്ട നിയമനങ്ങളിൽ അട്ടിമറി നടത്തുന്നത് സർവീസ് സംഘടനകളുടെ കടുത്ത സമ്മർദ്ദത്താലാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.