mylam

അരുവിക്കര: അരുവിക്കര മൈലം ജി.വി.രാജാ സ്കൂളിന് സമീപത്തെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. മഴപെയ്താൽ പ്രദേശവാസികൾക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

മൈലം ജി.വി.രാജ സ്കൂളിന് സമീപം വാട്ടർ അതോറിട്ടി പൈപ്പ് ഇടുന്നതിന് മാറ്റിയ മണ്ണ് റോഡ് സൈഡിൽ കൂട്ടിയതാണ് റോഡിൽ വെള്ളക്കെട്ടായി മാറാൻ കാരണം .മണ്ണിട്ടപ്പോൾ പ്രദേശത്തെ ഓടകൾ അടഞ്ഞ് മഴവെള്ളത്തിന് ഒഴുകിപ്പോകാൻ പറ്റാത്ത സ്ഥിതിയായി. മണ്ണിന്റെ പുറത്ത് കാടുകയറിയതോടെ മഴവെള്ളം ഒഴുകി പോകാൻ പറ്റാത്ത സ്ഥിതിയായി. വെള്ളം കെട്ടിക്കിടന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു.

റോഡിലെ വെള്ളക്കെട്ടിൽ വലിയ കുഴികൾ കൂടിയായതോടെ പലപ്പോഴും വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവായി. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ വാട്ടർ അതോറിട്ടിയേയും അരുവിക്കര പഞ്ചായത്തിനേയും വിവരം അറിയിച്ചിട്ടും ഇതുവരെ നടപടിയും ഉണ്ടാക്കിയിട്ടില്ല. അടിയന്തിരമായി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.