
ശിക്ഷാവിധി ആഗസ്റ്ര് ഒന്നിന്
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ കണ്ണൂർ തയ്യിൽ ബിദുൽ ഹിലാൽവീട്ടിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്നു പ്രതികൾ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്കിടെ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ കുറ്റംസമ്മതിച്ചു. തുടർന്ന് ശിക്ഷ കോടതി ആഗസ്റ്റ് ഒന്നിന് വിധിക്കും. പെരുമ്പാവൂർ ഫയർസ്റ്റേഷനു പടിഞ്ഞാറുവശം പുതുക്കാടൻവീട്ടിൽ സാബിർ ബുഹാരി, നോർത്ത് പറവൂർ മക്കാനിഭാഗം ചിറ്റാറ്റുകര കിഴക്കേത്തോപ്പിൽ വീട്ടിൽ താജുദ്ദീൻ എന്നിവരാണ് കുറ്റം സമ്മതിച്ച മറ്റുള്ളവർ.
പ്രതികൾ കുറ്റം സമ്മതിച്ചതോടെ ഇവരുടെ വിചാരണ പൂർത്തിയാക്കാതെ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാനായി കേസ് മാറ്റുകയായിരുന്നു. കേസിൽ നിലവിലെ റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി കണക്കാക്കുമെന്നതിനാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നതിനാൽ പ്രതികൾ കുറ്റസമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായതെന്നാണ് സൂചന.
നേരത്തെ മറ്റൊരു പ്രതിയായ നോർത്ത് പറവൂർ വെടിമറ സ്വദേശി കെ.എ. അനൂബ് കുറ്റംസമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ആറുവർഷമായിരുന്നു ഇയാൾക്ക് വിധിച്ചശിക്ഷ. കഴിഞ്ഞവർഷം ജൂലായിൽ വിധി പറയുമ്പോൾ അനൂബ് അഞ്ചുവർഷം തടവ് പൂർത്തിയാക്കിയിരുന്നു.
2005 സെപ്തംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായ അബ്ദുൾ നാസർ മഅ്ദനിയെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് കത്തിച്ചു എന്നാണ് കേസ്. 13 പ്രതികളുള്ള കേസിൽ തടിയന്റവിട നസീറാണ് ഒന്നാംപ്രതി. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി പത്താംപ്രതിയാണ്. മൂന്നു പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും മറ്റു പ്രതികളുടെ വിചാരണയ്ക്ക് തടസമില്ല. 2010 ഡിസംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്.