gramavandi

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. പാറശാല കൊല്ലയിൽ ​ഗ്രാമപഞ്ചായത്ത് സ്പോൺസർ ചെയ്ത ​ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ​ഗോവിന്ദൻ നിർവഹിച്ചു.

കേരള ചരിത്രത്തിലെ പുതിയ ആശയമാണ് ​ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും നാട്ടിൻ പുറങ്ങളിൽ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകൾ സഞ്ചരിക്കുന്നത് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പഞ്ചായത്തിലെ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ​ഗ്രാമവണ്ടി സർവീസ് നടത്തുക. ഉത്സവങ്ങൾ, മറ്റ് ആഘോഷങ്ങൾ, കമ്പനി ഉടമകൾ, സ്വകാര്യ സംരംഭകർ എന്നിവർക്ക് ഇതിലേക്ക് സ്പോൺസർ ചെയ്യാനാകും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി ആന്റണി രാജു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടിൽ ബസ് സർവീസ് നടത്തും, ഏത് തദ്ദേശ സ്ഥാപനം ആവശ്യപ്പെട്ടാലും വണ്ടി നൽകാൻ തയ്യാറാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി സി എം.ഡി ബിജുപ്രഭാകർ,കൊല്ലയിൽ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ,കെ.എസ്.ആർ.ടി.സി സ്പെഷ്യൽ പ്രോജക്ട് ഡി.ടി.ഒ താജുദ്ദീൻ സാഹിബ് വി.എം എന്നിവർ പങ്കെടുത്തു.

​ഗ്രാമവണ്ടി ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതി. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർപാർട്സുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിൽ ​​ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും.