
വടക്കഞ്ചേരി: കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ 5.76കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്ക്കണമെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ ഓരോദിവസവും ചർച്ചയാകുമ്പോഴാണ് കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്.
കണ്ണമ്പ്ര റൈസ് പാർക്കിന് ഭൂമി വാങ്ങിയതിൽ ബാങ്കിന് കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാർട്ടി കമ്മിഷന്റെ അന്വേഷണത്തിൽ ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സി.പി.എം ഇദ്ദേഹത്തെ പുറത്താക്കി. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കൂടുതലാളുകൾക്ക് പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. 5,76,57,751 രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് സെക്രട്ടറിയും ജീവനക്കാരും നേരത്തെയും ഇപ്പോഴത്തെയും ഭരണസമിതി അംഗങ്ങളും ചേർന്ന് തിരിച്ചടയ്ക്കണം. ഭരണവകുപ്പിന്റെ അനുമതി തേടാതെ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി വാങ്ങിയ അഞ്ച് കോടിയിലധികം രൂപ കെട്ടിട നിർമ്മാണത്തിനായി വിനിയോഗിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയില്ലാതെ ഒരു കോടി രൂപ മുൻകൂറായി നിർമ്മണ പ്രവർത്തനങ്ങൾക്ക് നൽകി. കർഷകസേവന കേന്ദ്രം നടത്തിപ്പിൽ ക്രമക്കേട്, സ്ഥിരനിക്ഷേപം വകമാറ്റി, ഓണച്ചന്ത നടത്തിപ്പിലെ നഷ്ടം, കിട്ടിയ പണം കൃത്യസമയത്ത് ബാങ്കിലടയ്ക്കാതെ കൈവശം വച്ചത് ഈ തരത്തിലാണ് ക്രമക്കേട്.
മലയോര കർഷകർ ഉൾപ്പെടെ സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കണ്ണമ്പ്ര ബാങ്കിന്റെ നിലവിലെ പ്രവർത്തനത്തിൽ സി.പി.എം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. റിപ്പോർട്ട് പരിഗണിച്ച് കൂടുതൽ ജീവനക്കാർക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സഹകരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.