തൃശൂർ: ചെമ്പുക്കാവ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിറുത്തി നഗ്‌നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സിബി (34) ആണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിൽ പോകുന്നതിനായി പെൺകുട്ടിയെ പിതാവ് ചെമ്പുക്കാവ് ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ടിരുന്നു. ഈ സമയം ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാൾ ഓട്ടോറിക്ഷ അവിടെ നിറുത്തി പിറകിലെ സീറ്റിലേക്ക് കയറിയിരുന്ന് കുട്ടിയെ നോക്കി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. ഇതിന് മുൻപും സമാനമായ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈസ്റ്റ് എസ്.എച്ച്.ഒ: പി. ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ എസ്. ഗീതുമോൾ, എം. രതിമോൾ, പി. ഹരിഷ് കുമാർ, വി.ബി. ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.