തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം 12 മണിക്കൂറായി ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സമയം ദീർഘിപ്പിച്ചത്. ആഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. കേരളത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ. നഗരസഭയുടെ 20 ഇന കർമ്മപരിപാടിയുടെ ഭാഗമായി നഗരപരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനാണ് പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകിയത്. ഇതിന്റെ ഭാഗമായി സമയം ദീർഘിപ്പിക്കുന്നതോടൊപ്പം നഗരസഭയുടെ കീഴിലുള്ള 14 അർബൺ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ 14 ഡോക്ടർമാർ, 19 നഴ്സുമാർ, 14 ഫാർമസിസ്റ്റുകൾ എന്നിവരെയും നിയമിച്ചു. ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും വർദ്ധിക്കുന്നതിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം സുഗമമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.