adoor

തിരുവനന്തപുരം: തെയ്യം ഉൾപ്പെടെയുള്ള അനുഷ്ഠാനകലകളെ പ്രദർശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാഡമിയും ചേർന്ന് സംഘടിപ്പിക്കുന്ന വരവിളി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ, തെയ്യം കലാ അക്കാഡമി ചെയർമാൻ എ.പി. ശ്രീധരൻ, വൈസ് ചെയർമാൻ വി.കെ. മോഹനൻ, നടനഗ്രാമം ഭരണസമിതി അംഗങ്ങളായ എൻ.എസ്. വിനോദ്, ടി. ശശിമോഹൻ, തെയ്യം കലാ അക്കാഡമി ട്രഷറർ ഷിജു തുടങ്ങിയവർ പങ്കെടുത്തു. വരവിളിയുടെ രണ്ടാം ദിവസമായ ഇന്ന് മുഖത്തെഴുത്ത് സംബന്ധിച്ചും തോറ്റംപാട്ട് സംബന്ധിച്ചും ശില്പശാലകൾ നടക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ചിത്രാ മോഹന്റെ ശബരിമോക്ഷം കേരളനടനം, യോഗാചാര്യൻ ബാലകൃഷ്ണൻ പിണറായിയുടെ നേതൃത്വത്തിലുള്ള യോഗാനൃത്തം, വടക്കൻ കളരി മാമാങ്കം, പ്രൊഫ. ഗായത്രി വിജയലക്ഷ്മിയുടെ ചതുർമുഖി ഭാരതനാട്യം എന്നിവ അരങ്ങേറും. വരവിളി ആഗസ്റ്റ് ഒന്നിന് സമാപിക്കും.

ക്യാപ്ഷൻ: വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാഡമിയും ചേർന്ന് സംഘടിപ്പിക്കുന്ന വരവിളിയുടെ ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു. നടന ഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ, തെയ്യം കലാ അക്കാഡമി ചെയർമാൻ എ.പി. ശ്രീധരൻ, വൈസ് ചെയർമാൻ വി.കെ. മോഹനൻ, നടന ഗ്രാമം ഭരണസമിതി അംഗങ്ങളായ എൻ.എസ്. വിനോദ്, ടി. ശശിമോഹൻ, തെയ്യം കലാ അക്കാഡമി ട്രഷറർ ഷിജു തുടങ്ങിയവർ സമീപം