p

തിരുവനന്തപുരം: ശുചിത്വമാലിന്യ സംസ്‌കരണ രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാലായി തരംതിരിച്ച് ഗ്രേഡ് നൽകാൻ തദ്ദേശവകുപ്പ്. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ജൈവ,അജൈവ മാലിന്യത്തിന്റെ അളവ്, ശേഖരിക്കുന്നവയുടെ അളവ്, കൈകാര്യം ചെയ്യൽ, മാലിന്യ സംസ്‌കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയും പൊതുശൗചാലയങ്ങളുടെ ശുചിത്വാവസ്ഥയും ഗ്രേഡിംഗിനായി വിലയിരുത്തും. പരിശോധനാ സംഘങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം സന്ദർശിച്ച് മാർക്കിടും. ഇതിനായി കില മുഖേന പരിശീലനം നൽകും.

പരിശോധനയ്ക്ക് സമിതികൾ

ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറും ജില്ലാതലത്തിൽ ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ കൺവീനറും ഹരിതകേരള മിഷൻ കോഓർഡിനേറ്റർ കോഓർഡിനേറ്ററുമായ സമിതികളാണ് പരിശോധിക്കുക. കളക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിംഗ് സമിതിയുടെ അദ്ധ്യക്ഷൻ. സംസ്ഥാന തലത്തിലെ സൂപ്പർ ചെക്കിംഗ് ടീമിന്റെ ചെയർമാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ്. സംസ്ഥാനതല ശുചിത്വ ഗ്രേഡിംഗ് സമിതിയിൽ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയും നവകേരള കർമ്മ പദ്ധതി 2 കോഓർഡിനേറ്റർ കോചെയർപേഴ്സണുമാണ്.

ഗ്രേഡിംഗ് നാല് തരം

എ ഗ്രേഡ്, ഗ്രീൻ കാറ്റഗറി - 70 ശതമാനത്തിന് മുകളിൽ

ബി ഗ്രേഡ്, യെല്ലോ കാറ്റഗറി - 70 മുതൽ 50 ശതമാനം വരെ

സി ഗ്രേഡ് ഓറഞ്ച് കാറ്റഗറി - 50മുതൽ 20 ശതമാനം വരെ

ഡി ഗ്രേഡ് റെഡ് കാറ്റഗറി - 20 ശതമാനത്തിൽ താഴെ

'ശുചിത്വ ഗ്രേഡിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പോരായ്മയും മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിയാം. കൂടുതൽ ഫലപ്രദമായ ഇടപെടലുകൾക്ക് ഇത് സഹായകമാകും.'

-എം.വി.ഗോവിന്ദൻ

തദ്ദേശമന്ത്രി