
കയ്പമംഗലം: അപകടത്തിൽപ്പെട്ട മിനിലോറിയിൽ നിന്ന് അരക്കോടി രൂപയുടെ പാൻ മസാല പിടികൂടി. മതിലകം സി.കെ വളവിൽ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽ നിന്നാണ് പാൻമസാല കണ്ടെത്തിയത്. ദേശീയ പാത 66 മതിലകം സി.കെ.വളവിൽ ഇന്നലെ പുലർച്ചെ രണ്ടോടെ നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞായിരുന്നു അപകടം.
അപകടം നടന്നയുടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപെട്ടു. സംഭവത്തിന് ശേഷം മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ പാൻമസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ 11 ചാക്ക് പഞ്ചസാരയും 21 ചാക്ക് അരിയും നിരത്തിയ ശേഷം അതിനടിയിലായിട്ടാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്.
നൂറിലധികം ചാക്കുകളിലായി ഹാൻസ്, കൂൾലിപ്, ഗണേഷ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പാൻ മസാലയാണ് കണ്ടെടുത്തത്. ഇതിന് ഏകദേശം അരക്കോടിയിലധികം രൂപ വില കണക്കാക്കുന്നു. പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻ മസാലയാണ് പിടികൂടിയത്. കുന്നംകുളം സ്വദേശിയുടേതാണ് മിനിലോറി.
വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു. രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മതിലകം ഇൻസ്‌പെക്ടർ ടി.കെ. ഷൈജു, എസ്.ഐ: വി.വി. വിമൽ, എ.എസ്.ഐമാരായ പ്രദീപ്, വിപീഷ്, സീനിയർ സി.പി.ഒമാരായ സൈഫുദ്ദീൻ, ഷൈജു, ആന്റണി എന്നിവർ മേൽനടപടികൾ സ്വീകരിച്ചു.