p

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആർ. രേഖ ഉത്തരവിട്ടു. സി.ബി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു.

തുടരന്വേഷണം ആവശ്യപ്പെട്ട് ബാലുവിന്റെ പിതാവ് കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും നൽകിയ ഹർജിയും സാക്ഷികലാഭവൻ സോബി ജോർജ്ജിന്റെ ഹർജിയും കോടതി തള്ളി.

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ ശരിവയ്ക്കുന്നതാണ് സി.ബി.ഐ റിപ്പോർട്ട്. കാറോടിച്ചിരുന്ന അർജ്ജുൻ നാരായണൻ എന്ന അപ്പുവാണ് സി.ബി.ഐ കേസിലെ ഏക പ്രതി. ഇയാൾക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്.

ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ബാലഭാസ്‌കറിന്റെ മാനേജർമാർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിട്ട സാഹചര്യത്തിലാണ് മകന്റെ മരണത്തിൽ സംശയം ഉന്നയിച്ച് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിന് തൊട്ട് മുമ്പ് അദ്ദേഹം ആക്രമിക്കപ്പെട്ടത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവൻ സോബി ജോർജ്ജ് രംഗത്തെത്തിയത്. അന്വേഷണം വഴിതെറ്റിക്കാനാണ് സോബിയുടെ മൊഴിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. വ്യാജ മൊഴി നൽകിയ സോബിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ നൽകിയ പ്രത്യേക ഹർജി ആഗസ്റ്റ് 19ന് പരിഗണിക്കും.

വർഷങ്ങൾക്ക് ശേഷം കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നേർച്ച നടത്താനാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയുമായി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയത്. 2018 സെപ്തംബർ 25ന് മടങ്ങിവരും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് അപകടമുണ്ടായത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഒരാഴ്ച കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ വച്ച് ബാലഭാസ്‌കറും മരിച്ചു. ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.