നെയ്യാറ്റിൻകര: നഗരസഭയിലെ പനങ്ങാട്ടുകരി വാർഡിൽ ചിറക്കുളത്തിന് സമീപമുള്ള വയൽപ്രദേശം വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി പരാതി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് സ്വന്തം നിലയിൽ മണ്ണിട്ട് നികത്തുന്നതായി പരാതിയുള്ളത്. നികത്തിയ ഇടങ്ങളിൽ ഇപ്പോൾ അക്കേഷ്യമരങ്ങൾ നട്ടുപിടിപ്പിച്ചതായും ഇത് കടുത്ത ജലക്ഷാമത്തിന് കാരണമാകുമെന്നും പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകി. മുൻപും ഇത്തരത്തിൽ വയൽ നികത്തലുണ്ടായപ്പോൾ സമീപവാസികൾ വില്ലേജ് അധികൃതരെ അറിയിച്ചിരുന്നു. വേനലാകുന്നതോടെ പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് ജനം. നിലം നികത്തൽ പൂർണമായും തടയണമെന്നാവശ്യപ്പെട്ട് കരിനട അക്ഷയ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷി ഓഫീസറടക്കമുള്ളവർക്ക് പരാതി നൽകി.