ബാലരാമപുരം: കാറിൽ എത്തിയ അക്രമിസംഘം സ്ത്രീയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6ഓടെ മൊട്ടമൂട് മണലുവിള ജംഗ്ഷനിൽ വച്ചായിരുന്നു ഇടക്കോണം കളത്രക്കാവ് ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരിയെ (52) തട്ടിക്കൊണ്ടുപോയത്. മൊട്ടമൂടിന് സമീപത്തുകൂടി നടന്നുവരികയായിരുന്ന പത്മകുമാരിയെ കൈയിലുണ്ടായിരുന്ന മൊബൈൽ തട്ടിത്തെറിപ്പിച്ച് ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നെന്ന് ദൃക്സാക്ഷിയായ സ്ത്രീ പൊലീസിനെ അറിയിച്ചു. നാല് പവനോളം സ്വർണാഭരണം പത്മകുമാരി അണിഞ്ഞിരുന്നു. തുടർന്ന് നരുവാമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘം കാട്ടാക്കട കാപ്പുക്കാട് എന്ന സ്ഥലത്ത് ഇവരെ ഇറക്കിവിട്ടതായി കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യമുണ്ടായ പത്മകുമാരിയെ പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ധരിച്ചിരുന്ന ആഭരണങ്ങൾ കാറിൽ വച്ച് ഭീഷണിപ്പെടുത്തി അക്രമിസംഘം തട്ടിയെടുത്തതായി ഇവർ പൊലീസിന് മൊഴി നൽകി. ഗുണ്ടാസംഘത്തിനെതിരെ കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്ന് ശേഖരിക്കുമെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.