1

തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി പട്ടികജാതി വനിതകൾക്കുള്ള ഫണ്ട് തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവല്ലം സ്വദേശി സിന്ധു, ഇവരുടെ സഹായി കരകുളം സ്വദേശി അജിത എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർ കൂടി വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.

നഗരസഭയിൽ നിന്ന് പട്ടികജാതി വനിതകൾക്കുള്ള സബ്സിഡിയുള്ള സ്വയം തൊഴിൽ വായ്പകൾ തട്ടിയെടുത്തത് പലതും ഗുണഭോക്താക്കൾ അറിയാതെയായിരുന്നു. 2015 -16 കാലയളവിൽ കോർപ്പറേഷനിൽ എസ്.സി പ്രൊമോട്ടറായിരുന്നു സിന്ധു. ആ സമയത്ത് ഇവരുടെ പക്കലുണ്ടായിരുന്ന ഗുണഭോക്താക്കളുടെ പേരുകൾ ഉപയോഗിച്ചാണ് ആദ്യം തട്ടിപ്പ് തുടങ്ങുന്നത്. ഗുണഭോക്താക്കൾ അറിയാതെ രേഖകൾ പ്രതികൾ വ്യാജമായുണ്ടാക്കും. പിന്നീട് സിന്ധുവിന്റെ അശ്വതി അസോസിയേറ്റ്സിന്റെ പേരിൽ ബാങ്കിൽ നിന്നുള്ള ചെക്കുകൾ ഒപ്പിട്ടുവാങ്ങും. തന്റെ സ്ഥാപനം സ്വയം തൊഴിലിന് വേണ്ട സാധനങ്ങൾ കൈമാറുന്നുവെന്ന് പറഞ്ഞാണ് ചെക്കുകൾ മാറിയെടുക്കുന്നത്. ഇവരെ സഹായിച്ചെന്ന കുറ്റത്തിനാണ് അജിതയും അറസ്റ്റിലായത്. രേഖകളുണ്ടാക്കാൻ സഹായിക്കുന്നത് അജിതയാണെന്ന് പൊലീസ് പറഞ്ഞു.

സ്വയംതൊഴിൽ പദ്ധതിക്കുള്ള വായ്പാ സബ്സിഡി പദ്ധതിയിലാണ് തട്ടിപ്പ്. 1.26 കോടി രൂപയാണ് പട്ടികജാതി വായ്പ സബ്സിഡി മാത്രം നൽകിയത്‌. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു.