കിളിമാനൂർ: ഇടവിട്ട് പെയ്യുന്ന മഴയും വെയിൽ കിട്ടാത്ത അന്തരീക്ഷവും ഓണം കൃഷി വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കിൽ കർഷകർ. പയർ, പാവൽ പോലുള്ള പന്തൽ കൃഷിയ്ക്കും ഏത്തവാഴയ്ക്കുമാണ് ഇപ്പോഴത്തെ കാലാവസ്ഥ വെല്ലുവിളിയാകുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴ ഏത്തവാഴ കൃഷിയെ ബാധിച്ചിട്ടുണ്ട്. ജില്ലയിൽ ഓണവിപണി ലക്ഷ്യമാക്കി കൂടുതൽ വാഴക്കൃഷി നടത്തിയിട്ടുള്ളത് ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര ഭാഗങ്ങളിലാണ്, ഇത്തവണ വാഴക്കൃഷി മുൻ വർഷങ്ങളിലേതിനേക്കാളും കൂടുതലായുണ്ട്. ഓണത്തിന് വിളവെടുക്കേണ്ട ആയിരക്കണക്കിന് വാഴക്കുലകൾ ഇത്തവണ കാറ്റിലും മഴയിലും നിലംപൊത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ വാഴക്കുലകൾക്ക് വിലയേറുമെന്ന സ്ഥിതിയാനുള്ളത്.
കുലയ്ക്ക് വിലയേറും
തടങ്ങളിൽ അമിതമായി വെള്ളം കെട്ടിനിൽക്കുന്നതും വെയിൽ കിട്ടാത്തതും കായകളുടെ മുഴുപ്പ് കുറയ്ക്കുമെന്നാണ് കർഷകർ പറയുന്നത്. രണ്ടാഴ്ചയെങ്കിലും മഴയുടെ തോർച്ചയും വെയിലും കിട്ടിയില്ലെങ്കിൽ വാഴകൾ നശിക്കും. ആഗസ്റ്റ് അവസാനത്തോടെ വെട്ടിയിറക്കേണ്ട കുലകൾക്കാണ് കാലാവസ്ഥ പ്രതികൂലമാകുന്നത്. ജില്ലയിൽ ഇപ്പോൾ നാടൻ വാഴക്കുലകൾ കുറവായതു കാരണം വില വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഏത്തപ്പഴത്തിന് കിലോയ്ക്ക് 75 രൂപ വരെ എത്തിയിരുന്നു. ഒണം അടുക്കുന്നതോടെ വില കൂടാനാണ് സാധ്യത.
തളിർക്കാനാകാതെ പന്തൽ കൃഷി:
ഓണം ലക്ഷ്യമാക്കി പയർ, പാവൽ, കോവൽ കൃഷിക്ക് കർഷകർ തടം ഒരുക്കി വിത്തു പാകിയത് വെള്ളമെടുത്തു. തടത്തിൽ ചാണകപ്പൊടിയും കുമ്മായവും വളവും ചേർത്ത് വിത്ത് പാകിയവർ കഷ്ടത്തിലായി. തടത്തിൽ വെള്ളം കെട്ടി നിന്ന് വിത്ത് നശിച്ചു. തടം ഒരുക്കിയ ശേഷം വിത്ത് പാകുന്നതിന് മഴ മാറാൻ കാത്തിരിക്കുന്ന കർഷകരും ജില്ലയിൽ നിരവധിയുണ്ട്.
പച്ച പിടിച്ചത് ചേമ്പും ചേനയും
ഓണം കൃഷിയിൽ അൽപ്പം മെച്ചപ്പെട്ടു നിൽക്കുന്നത് ചേമ്പും ചേനയും മുളകുമാണ്. വെണ്ടയും വഴുതനയും തക്കാളിയും നന്നായി വളരാൻ വെയിൽ കിട്ടണം. പല കർഷകരും ഇത്തവണ ചീര വിത്ത് പാകിയിട്ടില്ല. " മഴ സ്ഥിരമായി നിൽക്കുന്നത് കൃഷിക്ക് തടസമാണ്. തോർച്ചയും വെയിലും കിട്ടിയില്ലെങ്കിൽ നല്ല വിളവ് കിട്ടില്ല. ഇത്തവണ പ്രതിസന്ധിയിലാണ്.