
കെ.എസ്.ആർ.ടി.സി തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് പുതുതായി ആരംഭിച്ച ഗ്രാമവണ്ടി തലസ്ഥാന ജില്ലയിലെ പാറശാലയിൽ ഓടിത്തുടങ്ങിയിരിക്കുകയാണ്. തികച്ചും നവീന ആശയമാണിത്. സാധാരണ ബസ് റൂട്ടുകൾ കടന്നുചെല്ലാത്ത ഇടങ്ങളിൽ യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കു വേണ്ടിയുള്ളതാണ് ഈ ഗ്രാമവണ്ടി. ഇത്തരത്തിലുള്ള ആയിരക്കണക്കിനു പ്രദേശങ്ങൾ സംസ്ഥാനത്തുടനീളമുണ്ട്. പഞ്ചായത്തുകൾ മനസുവച്ചാൽ എല്ലായിടത്തും ഗ്രാമവണ്ടി സർവീസ് തുടങ്ങാൻ കഴിയും.
കഷ്ടിച്ചു വണ്ടിക്കൂലി മാത്രം കൈവശമുള്ള സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെത്താൻ ഇത്തരം സർവീസുകൾ സഹായിക്കും. തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ഏതു സ്ഥലത്തേക്കും ഗ്രാമവണ്ടി ഓടിക്കാൻ കെ.എസ്.ആർ.ടി.സി ഒരുക്കമാണെന്ന് മന്ത്രി ആന്റണിരാജു പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഡീസൽ ചെലവും സ്റ്റേ ബസ് ജീവനക്കാർക്ക് രാത്രികാലത്ത് തങ്ങാനുള്ള സൗകര്യവും ഒരുക്കിയാൽ മതിയാകും. മറ്റു കാര്യങ്ങൾ ട്രാൻസ്പോർട്ട് കോർപ്പറേഷൻ നോക്കിക്കൊള്ളും. പഞ്ചായത്തുകൾക്ക് ഇതു വലിയ ഭാരമാകാനിടയില്ല. വാടക വാഹനങ്ങൾ പിടിക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങൾക്കാകട്ടെ ഗ്രാമവണ്ടി വളരെ അനുഗ്രഹമാവുകയും ചെയ്യും. ഗ്രാമങ്ങളിലെ സകല റോഡുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസാണ് ഗ്രാമവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. സർവീസ് മുറതെറ്റാതെ ഓടിയാൽ ആളുകൾ സമയംനോക്കി അതിനായി കാത്തുനിൽക്കും. പാറശാലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലാണ് ആദ്യ ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്. ക്രമേണ മറ്റു പഞ്ചായത്തുകൾക്കും ഈ ആശയം പരീക്ഷിക്കാം.
ഓരോ പഞ്ചായത്തിലും പ്രാദേശികമായി ഒട്ടേറെ വിശേഷാവസരങ്ങൾ കാണും. ധാരാളം ആളുകൾ കൂടുന്ന ഉത്സവങ്ങളും മറ്റു പരിപാടികളും സർവസാധാരണമാണ്. അത്തരം അവസരങ്ങളിൽ ഗ്രാമവണ്ടിയുടെ പ്രസക്തി വളരെയധികമാണ്. സാധാരണ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ഡിപ്പോയെയും ഉത്സവ സ്ഥലത്തെയും ബന്ധിപ്പിച്ചു മാത്രമായിരിക്കും. ഉൾപ്രദേശങ്ങളിലുള്ളവർ നടന്നോ വാടക വാഹനങ്ങൾ പിടിച്ചോ വേണമെത്താൻ. കൂടുതൽ ഗ്രാമവണ്ടികൾ സർവീസിനുണ്ടെങ്കിൽ വളരെയധികം പേർക്ക് കുറഞ്ഞ ചെലവിൽ യാത്ര തരപ്പെടും. ഇത്തരം ഗ്രാമവണ്ടികൾക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉത്സവ കമ്മിറ്റിക്കാർക്കുമൊക്കെ സ്പോൺസർഷിപ്പ് എടുക്കുകയുമാകാം.
കോർപ്പറേഷനിൽ മുമ്പൊരിക്കൽ ഇതുപോലൊരു പരീക്ഷണം നടന്നത് ഓർമ്മവരുന്നു. 'കുട്ടി"ബസുകൾ ഉപയോഗിച്ച് ഉൾപ്രദേശങ്ങളിലേക്കായിരുന്നു ആ സർവീസുകൾ. നടത്തിപ്പുദോഷം കൊണ്ട് തുടങ്ങി കുറച്ചു മാസങ്ങൾക്കുശേഷം അവ നിന്നുപോവുകയും ചെയ്തു. ചെലവ് അധികമെന്നു പറഞ്ഞാണ് കോർപ്പറേഷൻ പതിയെ അവ പിൻവലിച്ചത്. ബസ് ചെറുതാണെങ്കിലും കണ്ടക്ടറും ഡ്രൈവറും ജീവനക്കാരായി വേണ്ടതിനാൽ വലിയ ബസുകൾ ഓടിക്കുന്നതാണ് ലാഭകരമെന്നായിരുന്നു കണ്ടെത്തൽ.
ഗ്രാമവണ്ടിയുടെ ഡീസൽ ചെലവ് പഞ്ചായത്തുകൾ വഹിക്കുമെന്നതിനാൽ കോർപ്പറേഷന് പകുതിഭാരം ഒഴിവാകുമെന്ന മെച്ചമുണ്ട്. പഞ്ചായത്തുകൾ തമ്മിൽ ആരോഗ്യകരമായ മത്സരത്തിനും ഗ്രാമവണ്ടികൾ ഉതകും. ജനസേവനത്തിന്റെ പേരിലാണല്ലോ ഓരോ ഭരണസമിതിയും തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ സമീപിക്കാറുള്ളത്. നേട്ടങ്ങളുടെ പട്ടികയിൽ ഗ്രാമവണ്ടി സേവനവും അക്കമിട്ടു പറയാൻ കഴിയുന്നത് നല്ല കാര്യമാണ്. റോഡുകളും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളുമാണ് ഏതൊരു നാടിന്റെയും പുരോഗതിയുടെ അളവുകോൽ. ആ നിലയ്ക്ക് കേരളീയ ഗ്രാമങ്ങൾ ഒട്ടുമിക്കതും മറ്റിടങ്ങളെ അപേക്ഷിച്ച് പുരോഗതിയുടെ പാതയിൽത്തന്നെയാണെന്നു പറയാം. പൊതുഗതാഗത സൗകര്യങ്ങളാണ് ഇനി വർദ്ധിക്കേണ്ടത്. പുതിയ ആശയമായ ഗ്രാമവണ്ടികൾ ഒരു പരിധി വരെ ആ കുറവു നികത്താൻ ഉപകരിക്കാതിരിക്കില്ല.