poi

ഉദിയൻകുളങ്ങര: കാറിലെത്തിയ മൂന്നംഗ സംഘം കടയുടമയെയും ജീവനക്കാരനെയും മർദ്ദിച്ചതായി പരാതി. പരശുവയ്ക്കൽ നവചയ്ക്കൽവിള വീട്ടിൽ ശ്യാം (32), ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി സുജിത്ത് (30) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 5ന് ഉദിയൻകുളങ്ങര പൊഴിയൂർ റോഡിൽ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് എതിർവശത്ത് ശ്യാമിന്റെ ഉടമസ്ഥതയിലുള്ള കള്ളർ ഷെയ്ഡ് പ്ലക്സ് പ്രിന്റിംഗ് ഷോപ്പിലാണ് ആക്രമണമുണ്ടായത്. ഷോപ്പിന് മുന്നിൽ വഴിയടച്ച് സംഘം കാർ പാർക്കിംഗ് ചെയ്തതിനെ തുടർന്ന് ജീവനക്കാരൻ പുറത്തിറങ്ങി വാഹനം മാറ്റി പാർക്ക് ചെയ്യാൻ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഇതിൽ കുപിതരായ സംഘം ഷോപ്പിനുള്ളിൽ കയറി സുജിത്തിനെ മർദ്ദിക്കുകയായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ശ്യാമിന്റെ ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ ശ്യാമിനെയും സംഘം മർദ്ദിച്ചു.

നാട്ടുകാരും സമീപത്തെ വ്യാപാരികളും ഓടി എത്തുന്നതിന് മുൻപ് സംഘം രക്ഷപ്പെട്ടു. രാത്രിയോടെ ശ്യാം ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചും, സംഘം തടഞ്ഞ് നിറുത്തി മർദ്ദിക്കുകയും ഇരുചക്ര വാഹനം ചവിട്ടി തള്ളിയിടുകയും ചെയ്തതായി പാറശാല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ ശ്യാമും, സുജിത്തും പാറശാല താലൂക്ക് ഗവ. ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ കടയിലെ കംപ്യൂട്ടർ, കസേരകൾ തുടങ്ങിയവ നശിപ്പിച്ചു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്
പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനങ്ങളിൽ കയറിയുള്ള ആക്രമണങ്ങളിൽ വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.