റോഡ് വികസിപ്പിക്കുന്നതിനൊപ്പം സിറ്റി ഗ്യാസും നടപ്പിലാക്കും
133 കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം: പേട്ട-ആനയറ-ഒരുവാതിൽക്കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട നിർമ്മാണം നവംബറിൽ ആരംഭിക്കും.പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്.133 കോടി രൂപയുടെ കിഫ്‌ബി പദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.1.837 ഹെക്‌ടർ ഭൂമിയിലായി 650 ഭൂവുടമകളാണ് ഇവിടുള്ളത്.ഇതിൽ 92 ഭൂവുടമകൾക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി പണം നൽകിയതായി കടകംപള്ളി വാർഡ് കൗൺസിലർ ഗോപകുമാർ പറഞ്ഞു.ഒക്‌ടോബർ അവസാനത്തോടെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.കൊവിഡാണ് 2020ൽ പ്രഖ്യാപിച്ച പദ്ധതി രണ്ട് വർഷത്തോളം നീളാനിടയാത്.റവന്യൂ വിഭാഗത്തിന്റെയും റോഡ് ഫണ്ട് ബോർഡിന്റെയും സർവേകളും ഉദ്ദേശിച്ചതിനെക്കാൾ സമയമെടുത്താണ് അവസാനിച്ചത്. ഏറ്റെടുക്കുന്ന ഭൂമി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചത്.എ വിഭാഗത്തിൽ ഉൾപ്പെടുന്ന ഭൂമിക്ക് സെന്റൊന്നിന് 21.85 ലക്ഷം രൂപയും ബി വിഭാഗത്തിൽ സെന്റൊന്നിന് 20.58 ലക്ഷം രൂപയും സി വിഭാഗത്തിൽ സെന്റൊന്നിന് 19.56 ലക്ഷം രൂപ എന്നിങ്ങനെയാണ് ധാരണ.രണ്ട് സ്‌ട്രെച്ചുകളിലുമായി 3.8 കിലോ മീറ്ററാണ് മാതൃകാ റോഡിന്റെ നീളം. പേട്ട റെയിൽ ഓവർബ്രിഡ്‌ജ് മുതൽ വെൺപാലവട്ടം വരെ 14 മീറ്റർ വീതിയിലും വെൺപാലവട്ടം മുതൽ ദേശീയപാത ബൈപ്പാസ് സർവീസ് റോഡുവരെ 12 മീറ്റർ വീതിയിലുമാണ് നിർമ്മാണം.
ഭൂമിക്ക് പൊന്നുംവില
എ വിഭാഗത്തിലുള്ളവയ്ക്ക് സെന്റൊന്നിന് 20.58 ലക്ഷം
ബി വിഭാഗത്തിൽ സെന്റൊന്നിന് 20.58ലക്ഷം
സി വിഭാഗത്തിൽ സെന്റൊന്നിന് 19.56 ലക്ഷം
650 ഭൂവുടമകൾ
1.837 ഹെക്‌ടർ ഭൂമി
സിറ്റി ഗ്യാസും വരും
റോഡ് വിതസനത്തിനൊപ്പം പേട്ട മുതൽ ഒരുവാതിൽക്കോട്ട വരെ എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും നടപ്പിലാക്കും.ആദ്യഘട്ടത്തിൽ വെട്ടുകാട്, ശംഖുംമുഖം അടങ്ങുന്ന തീരദേശ വാർഡുകളിലാകും സിറ്റി ഗ്യാസിന് വേണ്ടിയുള്ള പൈപ്പിടൽ നടക്കുകയെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
പെട്ടെന്ന് പൊളിയില്ല
കുടിവെള്ളം,സ്വീവേജ്,ഇലക്ട്രിക് ലൈൻ,സിറ്റി ഗ്യാസ് പദ്ധതികളെല്ലാം ഒരുമിച്ച് നിർവഹിക്കുന്ന ആദ്യറോഡായി പേട്ട-ആനയറ-ഒരുവാതിൽക്കോട്ട റോഡ് മാറുമെന്നാണ് കണക്കുക്കൂട്ടൽ.സാധാരണയായി റോഡ് നവീകരണം പൂർത്തിയായ ശേഷമാണ് സ്വീവേജും ശുദ്ധജല സംവിധാനങ്ങളുടെ നിർമ്മാണത്തിനുമായി ഫണ്ട് അനുവദിക്കാറുള്ളത്.തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടാനുള്ള ഫണ്ടും പിന്നീടാണ് അനുവദിക്കുക.അതിനാൽ നിർമ്മാണം നടന്ന ശേഷം റോഡ് കുത്തിപ്പൊളിക്കൽ.ഈ പോരായ്‌മ പരിഹരിക്കാനാണ് റോഡ് നവീകരണം നടക്കുമ്പോൾ ഇത്തരം പദ്ധതികളെല്ലാം ഒരുമിച്ച് പൂർത്തിയാക്കാൻ തീരുമാനിച്ചത്.
ഗതാഗതകുരുക്ക് പഴങ്കഥയാകും
പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കാനും അപകട സാദ്ധ്യത കുറയ്ക്കാനും ഉന്നത നിലവാരത്തിൽ നിർമ്മിച്ച് വീതി കൂട്ടുന്ന ഈ റോഡ് വഴി സാധിക്കും. ദേശീയപാതയിൽ നിന്നും നഗരത്തിലേയ്ക്കും മെഡിക്കൽ കോളേജ് ആശുപത്രി,കിംസ് എന്നിവിടങ്ങളിലേക്കും എത്തിച്ചേരാനുമുള്ള എളുപ്പവഴികളിൽ ഒന്നായാണ് ഈ റോഡ് നിലവിൽ വരുന്നത്.ഇരുച്ചക്ര വാഹനങ്ങൾ മാത്രം കടന്നുപോകുന്ന ഒരുവാതിൽക്കോട്ട ക്ഷേത്രത്തിൽ നിന്നും ദേശീയ പാതയിലേക്കുള്ള,നിലവിൽ 2 മീറ്റർ വീതിയുള്ള റോഡിനെ 12 മീറ്ററായി വികസിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.
'യുദ്ധകാലാടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുന്നത്.ഒരു ദിവസം പത്ത് പ്രമാണങ്ങൾ വരെ പരിശോധിച്ച് രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കുന്നുണ്ട്.പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായി ഈ റോഡ് വികസനം മാറും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ