
നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അതിയന്നൂർ, അരങ്കമുഗൾ വാർഡുകളിലൂടെ കടന്നുപോകുന്ന അരങ്കമുഗൾ-പത്താംകല്ല് റോഡിലൂടെയുള്ള യാത്ര ഇപ്പോൾ നാട്ടുകാർക്ക് ഒരു ദുഃസ്വപ്നമാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡ് യാത്ര പൊതുജനം സഹികെട്ടു. ടാറെല്ലാം പൊട്ടിപ്പൊളിഞ്ഞ് വൻകുഴികൾ രൂപപ്പെട്ടിട്ടും അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ല. ഇതേടെ പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധമാണ് ഇടയാക്കുന്നത്. റോഡ് ഇത്തരത്തിൽ തകർന്ന് തരിപ്പണമായി മാറിയിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാരുടെ പരാതി. 10 വർഷം മുമ്പ് ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവാക്കി റോഡ് റീ ടാർ ചെയ്ത ശേഷം അധികൃതരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടേയില്ല. ഇത് സംബന്ധിച്ച് മാറിമാറി വന്ന വാർഡ് മെമ്പർമാരടക്കം ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെയും ഫലമൊന്നുമുണ്ടായില്ല.
അതിയന്നൂർ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന അരങ്കമുഗൾ, വെൺപകൽ, കമുകിൻകോട് എന്നിവിടങ്ങളിലുളളവർക്ക് ദേശീയ പാതയിലെത്താനും ആറാലുംമൂട്, അതിയന്നൂർ വില്ലേജ്, ബ്ലോക്ക് ഓഫീസ് മന്ദിരം, നിംസ് ആശുപത്രി, കേരള ആട്ടോമൊബൈൽസ് എന്നിവിടങ്ങളിലെത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗമാണ് അരങ്കമുഗൾ-പത്താംകല്ല് റോഡ്. പൈപ്പ് ലൈനിടാനും കേബിൾ കുഴിക്കുമായി ഇടയ്ക്കിടെ റോഡ് കുത്തിപ്പൊളിച്ചതാണ് ഇത്തരത്തിൽ റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികളുടെ പരാതി.
റോഡിന്റെ ഇരുവശവും പൊട്ടിപ്പൊളിഞ്ഞ് വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്ര അപകടം പിടിച്ചതാണ്. മഴയായാൽ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നതിനാൽ റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാകും. ആ സമയങ്ങളിൽ പ്രദേശവാസികൾ വീടുകളിലെത്താൻ രാമപുരം വഴിയോ ഊരൂട്ടുകാല വഴിയോ ചുറ്റിയാണ് സഞ്ചരിക്കുന്നത്.
റോഡിന്റെ അവസ്ഥ ദുർഘടമായതിനാൽ സ്കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ കുട്ടികളെ കയറ്റുന്നതിനായി ദേശീയപാതയോരത്ത് വരെമാത്രമേയെത്താറുളളൂ. ഇത് കുട്ടികളെയും രക്ഷാകർത്താക്കളേയും ഏറെ വലയ്ക്കുന്നുണ്ട്. റോഡിന്റെ ഇരുവശവും ഓട നിർമ്മിച്ച് പാത അറ്റകുറ്റപ്പണി നടത്തിയ ശേഷമേ റീടാറിംഗ് നടത്താൻ കഴിയൂവെന്നാണ് അധികൃതരുടെ വാദം. രണ്ട് വാർഡുകളിലായി കടന്നുപോകുന്ന റോഡായതിനാൽ രണ്ടുവാർഡ് മെമ്പർമാരും സഹകരിച്ച്
റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.