news

തിരുവനന്തപുരം: റവന്യൂ വകുപ്പിൽ കൊടികുത്തി വാഴുന്ന അഴിമതിയുടെ ആഴമറിയണമെങ്കിൽ നെയ്യാറ്റിൻകര പെരുമ്പഴുതൂർ വണ്ടന്നൂർ നവനീതത്തിൽ അപ്പുക്കുട്ടന്റെ കഥ കേൾക്കണം. സ്വന്തം ഭൂമി പോക്കുവരവ് ചെയ്തുകിട്ടാൻ

വില്ലേജ്, താലൂക്ക് ഓഫീസുകളിൽ വർഷങ്ങളോളം കയറിയിറങ്ങി നിരാശനായ ഈ 86കാരൻ അഞ്ചുമാസം മുൻപ് മറവിരോഗം (അൽഷിമേഴ്സ്) ബാധിച്ച് കിടപ്പിലായി. മക്കളെപ്പോലും തിരിച്ചറിയില്ല. കോഴ കിട്ടാത്ത പകയിൽ

ഭൂമി തെറ്റായി മറ്റുള്ളവർക്ക് പോക്കുവരവ് ചെയ്തതറിഞ്ഞാണ് കിടപ്പിലായതും മറവി രോഗത്തിന്റെ പിടിയിലമർന്നതും.

കാണേണ്ട വിധത്തിൽ കണ്ടാൽ ഒരാഴ്ചയ്ക്കകം പോക്കുവരവ് ചെയ്തുകിട്ടുമെന്നാണ് ഇപ്പോഴും ഏജന്റുമാർ പറയുന്നത്

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായിരുന്ന അപ്പുക്കുട്ടന്റെ ദുർഗതി 1960ൽ

82സെന്റ് വിലയ്ക്കുവാങ്ങിയപ്പോൾ തുടങ്ങിയതാണ്. ഭൂമി ഒറ്റിക്കെടുത്തിരുന്നയാൾ ഒഴിഞ്ഞില്ല.1963ൽ കേസായി.നെയ്യാറ്റിൻകര മുനിസിഫ് കോടതി പകുതി ഭൂമിയിൽ കുടികിടപ്പ് അനുവദിച്ചു. അത് സുപ്രീംകോടതിയും ശരിവച്ചു.2011ൽ 41.388സെന്റ് സ്ഥലം അപ്പുക്കുട്ടന് കൈമാറി മുനിസിഫ് കോടതി ഉത്തരവ് നടപ്പാക്കി. 2019ൽ കാട്ടാക്കട തഹസിൽദാർക്ക് പോക്കുവരവിന് അപേക്ഷിച്ചതു മുതലാണ് ശരിക്കുള്ള കഥ.

8624 ജി1/ 2019 ഫയൽ തഹസിൽദാർ നിയമോപദേശത്തിനു വിട്ടു. കോടതി ഉത്തരവും കൈവശാവകാശവും പരിഗണിച്ച് പോക്കുവരവ് നടത്താൻ ലാ ഓഫീസറും ഡെപ്യൂട്ടറി കളക്ടറും ഉത്തരവിട്ടു. പക്ഷേ, ഉദ്യോഗസ്ഥർ വിലപേശൽ തുടങ്ങി. `കാണേണ്ട രീതിയിൽ കാണണം' എന്നു പറഞ്ഞ് ഏജന്റുമാർ പലവട്ടം സമീപിച്ചു. അപ്പുക്കുട്ടൻ കാര്യമാക്കിയില്ല. പിന്നാലെ യഥാർത്ഥ പാരയെത്തി. തനിക്കും ഭൂമിയിൽ അവകാശമുണ്ടെന്ന് മറ്റൊരാൾ (കുടികിടപ്പ് അവകാശം നേടിയയാളുടെ ബന്ധു) 2020ൽ മുനിസിഫ് കോടതിയിൽ ഹർജി നൽകി. തർക്കവിഷയമെന്ന് ചൂണ്ടിക്കാട്ടി പോക്കുവരവ് അപേക്ഷ നിരസിച്ചു. ഹർജി ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും ട്രാൻസ്ഫർ ഒഫ് റവന്യൂ റൂൾസിലെ 16-ാം ചട്ടപ്രകാരം പോക്കുവരവ് ചെയ്യാമെന്നും നിയമോപദേശം ലഭിച്ചിട്ടും ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തില്ല.

വീണ്ടും ഏജന്റുമാർ എത്തി. വഴങ്ങാതായപ്പോൾ,

ഭൂമി തെറ്റായി പലർക്കും നേരത്തേ പോക്കുവരവ് ചെയ്തുകൊടുത്തതായി രേഖ ചമച്ചു.നിലവിൽ ഈ ഭൂമിയില്ല. തെറ്റായ പോക്കുവരവ് റദ്ദാക്കിയാലേ ഭൂമി തിരിച്ചുകിട്ടൂ. ഭൂമിയിലെ കുരുക്കു കണ്ട് അപ്പുക്കുട്ടൻ തളർന്നു വീണു. പിന്നാലെ മറവിരോഗവും പിടിപെട്ടു.

ലോകായുക്തയിൽ അപ്പുക്കുട്ടൻ നൽകിയ ഹർജിക്ക് ഉദ്യോഗസ്ഥരുടെ വിചിത്രമായ മറുപടി ഇങ്ങനെ: ''2019ലെ പോക്കുവരവ് അപേക്ഷ തീർപ്പാക്കാത്തത് 2020ലുണ്ടായ അവകാശത്തർക്കം കാരണമാണ് ''. അർഹമായ അവകാശം കോഴ നൽകി നേടിയെടുക്കേണ്ടെന്നാണ് മക്കളുടെ തീരുമാനം. കേസ് ലോകായുക്ത ആഗസ്റ്റ് 22ന് പരിഗണിക്കും.