
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണ ജോലികൾ കാസർകോട് ജില്ലയിൽ അതിവേഗത്തിൽ പുരോഗമിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം സ്ട്രെച്ചുകളിലാണ് ദേശീയപാത നവീകരണം പ്രധാനമായും നടക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന നീലേശ്വരം- തളിപ്പറമ്പ് സ്ട്രെച്ചിലെ കുറച്ച് ഭാഗവും കാസർകോട് ജില്ലയിലുൾപ്പെടുന്നു. നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കാസർകോട് ജില്ലയിലെ ദേശീയപാത വികസനപ്രവൃത്തിയുടെ പ്രതിമാസ അവലോകനയോഗങ്ങൾ തന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി മിഷൻ ടീം ചേർന്ന് വിലയിരുത്തുന്നുണ്ട്. ഇതിന് പുറമേ ദേശീയപാത അതോറിറ്റിയുമായി ചേരുന്ന യോഗങ്ങളിൽ ഓരോ സ്ട്രെച്ചിന്റെയും പ്രവൃത്തി അവലോകനവും നടത്തുന്നുണ്ട്. പ്രതിബന്ധങ്ങൾ പരിഹരിക്കാനുള്ള പ്രത്യേക ഇടപെടലും പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. കാസർകോടിന്റെ പൊതുവികസനത്തിൽ വലിയ മുന്നേറ്റമാകും ദേശീയപാതാവികസനം സാദ്ധ്യമാക്കുകയെന്നും മന്ത്രി അറിയിച്ചു.