
തിരുവനന്തപുരം: പൊലീസുകാർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എം.എസ്.സി കമ്പ്യൂട്ടർ സയൻസോ,ഫോറൻസിക് സയൻസോ പഠിക്കാൻ മന്ത്രിസഭ അനുമതി നൽകി.സൈബർ വിശകലനത്തിനും ക്രോഡീകരണത്തിനും പുതിയ നിയമനം നടത്തുന്നതിന് പകരം പൊലീസിൽ തന്നെ യോഗ്യരായവരെ നിയോഗിക്കുന്നതിനാണിത്.പത്തുപേർക്ക് വീതമാണ് അനുമതി നൽകുക.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങളോടെ രണ്ടുവർഷത്തെ പഠനത്തിനാണ് അനുമതി.ഫീസും മറ്റ് കാര്യങ്ങളും സ്വയം വഹിക്കണം.കോഴ്സ് പഠിച്ചാൽ പതിനഞ്ച് വർഷം പൊലീസ് സേനയിൽ തുടരാമെന്ന് ബോണ്ടും ഒപ്പിട്ട് കൊടുക്കണം.പൊലീസ് സേനയിൽ പ്രൊഫഷണലിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് സേനയും കുസാറ്റുമായി നേരത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും അത് നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല.സാമ്പത്തിക പ്രതിസന്ധിയുടെ പുതിയ സാഹചര്യത്തിൽ തസ്തിക സൃഷ്ടിക്കൽ ഒഴിവാക്കിനാണ് അവരുടെ ചെലവിൽ തന്നെ പഠിപ്പിച്ച് ഉപയോഗിക്കാൻ തീരുമാനമെടുത്തത്.ബോണ്ട് കാലാവധിക്ക് മുമ്പ് പൊലീസ് ജോലി ഉപേക്ഷിച്ചുപോയാൽ അവരിൽ നിന്ന് വൻതുക നഷ്ടപരിഹാരവും ഇൗടാക്കും.