പാലോട്: മലയോര മേഖലയുടെ സ്വപ്ന പദ്ധതിക്ക് വീണ്ടും ഉണർവേകി റെയിൽ പാതയ്ക്കുള്ള നടപടികൾക്ക് പച്ചക്കൊടി ഉയരും എന്ന പ്രതീക്ഷയോടെ മലനാട്. മന്ത്രി അഡ്വ: ജി.ആർ. അനിൽ മുൻ കൈയെടുത്ത് കേന്ദ്ര റെയിൽവേ സഹമന്ത്രിയേയും കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാനെയും സന്ദർശിച്ച് വിഷയത്തിന്മേൽ നടത്തിയ ശക്തമായ ഇടപെടലാണ് പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നത്. ചെങ്കോട്ടയിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കണമെന്നാണ് മന്ത്രി ജി.ആർ. അനിൽ കേന്ദ്രത്തിനു മുന്നിൽ വച്ചിരിക്കുന്ന ആവശ്യം. ഓരോ കേന്ദ്ര ബഡ്ജറ്റിലും മലയോര റെയിൽപ്പാതയ്ക്കായി ഏറെ പ്രതീക്ഷയോടെ പരതുമ്പോഴും ജനങ്ങൾക്ക് നിരാശയായിരുന്നു ഫലം. നിലവിൽ കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവും പിന്തുണച്ചാൽ എല്ലാ തടസ്സങ്ങളും നീക്കി ചെങ്കോട്ട - പാലോട് - നെടുമങ്ങാട് റെയിൽപ്പാതയെത്തും.

ക്രമാതീതമായ വാഹനപ്പെരുപ്പവും അനിയന്ത്രിതമായ ഗതാഗതക്കുരുക്കും റോഡ് ഗതാഗതം പരിമിതമാക്കിയിട്ട് വർഷങ്ങളായി. തമിഴ്നാടുമായി പ്രധാന ചരക്കുഗതാഗതം നടന്നു പോരുന്ന ചെങ്കോട്ട - തിരുവനന്തപുരം അന്തർസംസ്ഥാന പാതയിൽ അപകടം ഒഴിഞ്ഞ ദിവസമില്ല. പൊന്മുടിയുൾപ്പടെ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എണ്ണമറ്റ ഹൈറേഞ്ച് - ഇക്കോ ടൂറിസം കേന്ദ്രങ്ങളും മലയോര മേഖലയിലുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത റോഡുകളുടെ നവീകരണവും പുനരുദ്ധാരണവും മാത്രമാണ് പൊതു ഗതാഗത രംഗത്ത് കാലാകാലങ്ങളിൽ നടന്നു വരുന്നത്.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കൂടി യാഥാർത്ഥ്യമാവുന്നതോടെ ഇരു സംസ്ഥാനങ്ങളുമായുള്ള ചരക്കു നീക്കത്തിന് റോഡുഗതാഗതം അപര്യാപ്തമാകാനും. ചരക്കു നീക്കത്തിനൊപ്പം ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താനും ചെങ്കോട്ട - തിരുവനന്തപുരം റെയിൽപ്പാത നിർമ്മാണം ഉപകരിക്കും. കൊല്ലം - തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ കുളത്തൂപ്പുഴ - മടത്തറ - പാലോട് - നെടുമങ്ങാട് - കരകുളം വഴി തിരുവനന്തപുരം സെൻട്രലിൽ സംഗമിക്കുന്ന മലയോര റെയിൽപ്പാതയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് പുനലൂർ - തെന്മല പാത നിർമ്മാണ ഘട്ടത്തിൽ നിർദ്ദിഷ്ട തിരുവനന്തപുരം മലയോര പാത സജീവ പരിഗണനയിൽ ഉണ്ടായിരുന്നു.