കോട്ടയം: വാഹന മോഷ്ടാക്കളായ രണ്ട് പേർ പിടിയിൽ. കൊല്ലം ഓടനാവട്ടം അജയ് ഭവനിൽ ശ്രീകുമാർ (27), കൊല്ലം പള്ളിത്തോട്ടം തോപ്പിൽ പള്ളിക്ക് സമീപം ഡോൺ ബോസ്കോ നഗർ കൊടിമരം ജോസ് എന്നുവിളിക്കുന്ന ജോസ് (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറയിലുള്ള പാഴ്സൽ സർവീസ് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുട്ടുചിറ ഭാഗത്തുള്ള പാർസൽ സർവീസ് സ്ഥാപനത്തിന്റെ പിൻവശത്ത് പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര ദോസ്ത് വാഹനം ശ്രീകുമാറും, ജോസും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികളിൽ ഒരാളെ കൊല്ലത്തുനിന്നും ഒരാളെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട വാഹനം പൊലീസ് കൊല്ലത്തുനിന്നും കണ്ടെടുത്തു. വാഹന മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇരുവരുടെയും പേരിൽ നിലവിലുണ്ട്. ഇരുവരും തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരായിരുന്നു. ശ്രീകുമാർ ഒരു മാസം മുൻപും ജോസ് രണ്ടു മാസം മുൻപുമാണ് പുറത്തിറങ്ങിയത്.