തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഇതിഹാസ ഗായകനായ മുഹമ്മദ് റഫിയുടെ 42ാം ഓർമ്മദിനത്തിൽ തലസ്ഥാനനഗരത്തിന് മറക്കാനാകാത്ത ഗസലുകൾ സമ്മാനിച്ച് മകൻ ഷാഹിദ് റഫി ആരാധാരുടെ ഹൃദയത്തിൽ ഇടംപിടിച്ചു. മുഹമ്മദ് റഫിയുടെ ഓർമ്മയ്‌ക്കായി സുഹാനിരാത് എന്ന് പേരിൽ ഇന്നലെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഗാനസന്ധ്യ കാണാൻ വൻ ജനാവലിയാണെത്തിയത്. ഷാഹിദ് റഫി മുഖ്യഗായകനായി ആദ്യമായി തലസ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകതകൂടി പരിപാടിക്കുണ്ടായിരുന്നു. ഷാഹിദ് റഫിയോടൊപ്പം എ.ആർ. റഹ്‌മാന്റെ ജയ്‌ഹോ-ലോക സംഗീത പര്യടനസംഘത്തിൽ അംഗമായ മുംബയ് മുഹമ്മദ് അസ്‌ലമും ഗാനസന്ധ്യയിൽ പങ്കെടുത്തു. മുഹമ്മദ് റഫിയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തോടെ ആരംഭിച്ച ചടങ്ങിൽ സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മുഹമ്മദ് റഫി മ്യൂസിക് ലവേഴ്സ് ഫ്രറ്റേർണിറ്റിയായിരുന്നു മുഖ്യസംഘാടകർ.