
റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) അപര്യാപ്തതമാത്രമേയുള്ളൂ എന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ സമൂഹത്തിൽ നടക്കുകയാണ്. എന്നാൽ പാവപ്പെട്ട കാൻസർ രോഗികളുടെ അത്താണിയായ സ്ഥാപനത്തിന്റെ നേട്ടങ്ങളും വളർച്ചയും വിസ്മരിച്ചുകൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്ന യഥാർത്ഥ്യം പൊതുസമൂഹം തിരിച്ചറിയണം. സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിച്ചേരുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് നിരന്തരമായ ശ്രമം നടക്കുകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായവും പിന്തുണയും ലഭിക്കുന്നതിനാൽ നിരവധി പുതിയ സംവിധാനങ്ങൾ ഒരുക്കാനും കാലപ്പഴക്കം വന്ന പരിശോധന ചികിത്സാ ഉപകരണങ്ങൾ മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്. ആർ.സി.സി നേരിടുന്ന പ്രധാന പ്രശ്നമായ സ്ഥലപരിമിതി പരിഹരിക്കാൻ പുലയനാർകോട്ടയിൽ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്. ഇവിടെയുള്ള 11.68 ഏക്കർ സ്ഥലത്ത് പുതുതായി പ്രിവന്റീവ് ഓങ്കോളജി ഒ.പിയും പരിശീലന കേന്ദ്രവും പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ആർ.സി.സി യുടെ രണ്ടാംഘട്ട വികസനത്തിനുള്ള കരട് രേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
റേഡിയേഷൻ ചികിത്സയ്‌ക്കായി ഉപയോഗിച്ചുവന്നിരുന്ന കാലപ്പഴക്കം ചെന്ന രണ്ട് ലീനിയർ ആക്സിലറേറ്ററുകൾ മാറ്റി 34 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സംവിധാനത്തോടുകൂടിയ രണ്ട് അതിനൂതന ലീനിയർ ആക്‌സിലറേറ്റർ സ്ഥാപിച്ചു. ഇതുവഴി കൂടുതൽ രോഗികൾക്ക് കാലവിളബം കൂടാതെ മികച്ച റേഡിയേഷൻ ചികിത്സ നൽകുവാൻ സാധിക്കുന്നു. നാലു കിടക്കകൾ മാത്രമുണ്ടായിരുന്ന പഴയ കാഷ്വാലിറ്റി 10കിടക്കകളോടെ പുതിയ കാഷ്വാലിറ്റിയായി വികസിപ്പിക്കുകയും അത്യാസന്ന നിലയിലെത്തുന്ന കൂടുതൽ രോഗികൾക്ക് സമയബന്ധിതമായ മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
ശസ്ത്രക്രിയക്ക് അനുയോജ്യമല്ലാത്തതും ദഹന അവയവങ്ങളിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ളതുമായ ന്യൂറോഎൻഡോക്രൈൻ കാൻസറുകളെയും, പ്രോസ്റ്റേറ്റ് കാൻസറുകളെയും ചികിത്സിക്കുന്നതിനുള്ള നൂതന സാങ്കേതിക ആർ.സി.സി യിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ ഇത് സ്ഥാപിച്ച് ചികിത്സക്ക് തുടക്കം കുറിച്ചു. സർക്കാർ ചികിത്സാ സംവിധാനത്തിലെ ആദ്യ സംരംഭമാണിത്.
കുട്ടികളുടെ രക്താർബുദ ചികിത്സക്ക് പുതിയ മാനം നൽകി പീഡിയാട്രിക് വിഭാഗത്തിലെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സ സംവിധാനം നടപ്പിലാക്കി.
പവർ ഗ്രിഡ് കോർപ്പറേഷന്റെ ഫണ്ടിംഗ് വഴി ലഭ്യമായ 20 കോടി രൂപ വിനിയോഗിച്ച് കൂടുതൽ രോഗികളെ നിശ്ചിത സമയത്ത് ചികിത്സിക്കാൻ ഉതകുന്ന ആക്‌സിലറേറ്റർ വാങ്ങാനുള്ള ധാരണപത്രം ഒപ്പിടുകയും അതിനുള്ള നടപടി പുരോഗമിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകൾ കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽകൂടി ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള കാൻസർ രജിസ്ട്രി എന്നിവയും ഏർപ്പെടുത്തി.
ഫാർമസിയിൽ മരുന്നു വിതരണത്തിനും പണസ്വീകരണത്തിനും മൂന്ന് വീതം കൗണ്ടറുകളുണ്ടായിരുന്നതിന് പുറമേ ആറ് എണ്ണവും പണം സ്വീകരിക്കുന്നതിന് നാല് കൗണ്ടറുകളും പുതുതായി ആരംഭിച്ചു. കൂടാതെ ശസ്ത്രക്രിയ വിഭാഗത്തിൽതന്നെ ഒരു പുതിയ ഫാർമസി കൗണ്ടറും സ്ഥാപിച്ചു.
പുതിയ ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിച്ച് ആശുപ്രതിയും, പരിസരവും ശുചിത്വമുള്ളതാക്കി.
രോഗികളുടെ പ്രയാസവും, കാത്തിരുപ്പും ഒഴിവാക്കുന്നതിനായി കീമോതെറാപ്പിക്കായി എത്തുന്ന രോഗികൾക്ക് ടോക്കൺ സമ്പ്രദായം നടപ്പിലാക്കി. നഴ്സിംഗ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയവർക്ക് സ്റ്റെപെന്റോടുകൂടി പ്രത്യേക പരിശീലനം നൽകി കൂടുതൽ നഴ്സുമാരെ കാൻസർ ചികിത്സാ മേഖലയിൽ പ്രാവീണ്യമുള്ളവരാക്കുവാനും അതുവഴി അവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച ജോലി സാദ്ധ്യത നേടിക്കൊടുക്കാനും സാധിച്ചു.
നിലവിലുണ്ടായിരുന്ന ക്ലിനിക്കൽ ലാബിനു പുതിയ സൗകര്യമൊരുക്കി വിപുലമാക്കാനും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലബോറട്ടറിയായി മാറ്റിയെടുത്തു. മാലിദ്വീപുമായി സഹകരിച്ച് കാൻസർ ചികിത്സക്കായുള്ള ധാരണാപത്രം ഒപ്പ് വയ്ക്കുകയുമുണ്ടായി.
സംസ്ഥാന സർക്കാരിന്റ 181കോടി രൂപ മുതൽ മുടക്കി 2.8ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 14നില കെട്ടിടത്തിന്റെ പണി കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ചുവരികയാണ്.
ആരോഗ്യ സർവ്വകലാശാല നിഷ്‌ക്കർഷിച്ച മാതൃകയിൽ വിപുലമായ പരീക്ഷാഹാൾ നിർമ്മിക്കുകയും, അതിൽ നഴ്സ്സിനുള്ള ഹോസ്റ്റൽ സൗകര്യം, കാൻസർ എപ്പിഡമിയോളജി ഡിവിഷൻ, പ്രോജക്ട് ജീവനക്കാരുടെ പുനർവിന്യാസം തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
മൈക്രോബയോളജി ഡിവിഷനിൽ മോളിക്യുലാർ ലബോറട്ടറി സ്ഥാപിച്ചു. പ്രോസ്റ്റേറ്റ് കാൻസർ ചികിത്സക്കുള്ള ചികിത്സാ സംവിധാനം ഏർപ്പെടുത്തി. ഇത്തരത്തിൽ നിരവധി ചികിത്സാവികസന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി ആർ.സി.സി യിൽ നടന്നിട്ടുള്ളത്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും വൻതോതിലുള്ള പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഇതിനുപുറമേ ദീർഘകാല വികസനം ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
അതേസമയം ജീവനക്കാരെയും ഡോക്ടർമാരെയും സംബന്ധിച്ച് സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ അനുഭാവപൂർവം പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുകൾ നടക്കുകയാണ്. അവ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയിൽ സർക്കാർ തലത്തിൽ സ്വീകരിക്കുകയാണ്.