
അംഗീകാരമില്ലാത്തിടത്ത് കോഴ്സ്
2,32,500 രൂപ തട്ടിപ്പിന് ഒത്താശ
തിരുവനന്തപുരം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ സ്ഥാപനം തിരഞ്ഞെടുത്ത് രണ്ടരലക്ഷത്തോളം രുപ ക്രമക്കേട് നടത്തിയതിന് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എ.ജെ. രാജൻ ഉൾപ്പെടെ അഞ്ചു പേർക്ക് നാലുവർഷം കഠിനതടവും 1.10ലക്ഷം രൂപ പിഴയും ശിക്ഷ. വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാറിന്റേതാണ് ഉത്തരവ്.
വകുപ്പ് ഫിനാൻസ് ഓഫീസറായിരുന്ന എൻ. ശ്രീകുമാർ, ജില്ലാ ഡെവലപ്മെന്റ് ഓഫീസറായിരുന്ന സത്യദേവൻ, വർക്കലയിലെ ഡെവലപ്മെന്റ് ഓഫീസറായിരുന്ന സി. സുരേന്ദ്രൻ, പരിശീലന സ്ഥാപനമായ വർക്കലയിലെ പൂർണ്ണ സ്കൂൾ ഒഫ് ഐ.ടിയുടെ ഉടമ സുകുമാരൻ എന്നിവരാണ് ശിക്ഷലഭിച്ച മറ്റുള്ളവർ.
വിവിധ വകുപ്പുകളിലായാണ് ശിക്ഷയെന്നതിനാൽ രണ്ടുവർഷം തടവുശിക്ഷ അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ പ്രതികൾ എട്ടുമാസത്തെ അധിക തടവ് അനുഭവിക്കണം. നാലുവർഷത്തിൽ താഴെ ശിക്ഷയായതിനാൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു. ഹൈക്കോടതിയിൽ അപ്പീലിനും അവസരമുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിംഗ് കോഴ്സ് നടത്തിയതിലാണ് ക്രമക്കേട്. പരിശീലനം പൂർത്തിയാകുന്നവർക്ക് എൽ.ബി.എസിന്റെ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകുമെന്നായിരുന്നു വാദ്ഗാനം.
ഒരു വിദ്യാർത്ഥിക്ക് പതിനായിരം രൂപ ഫീസ് നിശ്ചയിച്ച് 31പേരുടെ ഫീസിന്റെ 75 ശതമാനം തുകയായ 2,32,500 രൂപ അഡ്വാൻസായി പരിശീലന സ്ഥാപനത്തിന് ആദ്യംതന്നെ പട്ടികജാതി വകുപ്പ് കൈമാറി. എന്നാൽ, പൂർണ്ണ സ്കൂൾ ഒഫ് ഐ.ടിക്ക് എൽ.ബി. എസിന്റെ അംഗീകാരമില്ലായിരുന്നു. സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിന്നത്. ഇവിടെ പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടിയില്ല. തുടർപഠനം സാദ്ധ്യമായതുമില്ല.
വിജിലൻസിനു വേണ്ടി പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ഹാജരായി.