തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്ത പെൺ പള്ളിക്കൂടമായ കോട്ടൺഹിൽ സ്കൂളിൽ നടന്ന റാഗിംഗ് വിഷയത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ ഇടപെടുന്നു. തിങ്കളാഴ്ച വൈകിട്ട് 4ന് അമ്മമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് കമ്മിഷൻ സ്കൂൾ പ്രിൻസിപ്പലിന് കത്തയച്ചിട്ടുണ്ട്. യോഗത്തിൽ കമ്മിഷൻ പ്രശ്നങ്ങളുടെ നിജസ്ഥിതിയും കുട്ടികളുടെയും അമ്മമാരുടെയും സ്കൂൾ അധികൃതരുടെയും വാദങ്ങളും കേൾക്കും. കഴിഞ്ഞ ദിവസം കോൺഗ്രസ് എം.പി ജെബി മേത്തർ വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവിയെക്കണ്ട് പരാതി നൽകിയിരുന്നു. ഇത്രയും കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു പി.ടി.എ പോലുമില്ലെന്ന് വാർത്തകൾ വന്നതിനെ തുടർന്ന് പി.ടി.എ രൂപീകരിക്കാനുള്ള ശ്രമങ്ങൾ സ്കൂൾ അധികൃതർ തുടങ്ങി. പ്ളസ് വൺ പ്രവേശനം കൂടി പൂർത്തിയായാലുടൻ പി.ടി.എ രൂപീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 21നാണ് അഞ്ച്, ആറ് ക്ളാസിലെ കുട്ടികളെ മുതിർന്ന ക്ളാസിലെ കുട്ടികൾ ശാരീരികമായി ഉപദ്രവിച്ച സംഭവം നടന്നത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും പ്രശ്നം സ്കൂൾ ഹെഡ്മാസ്റ്റർ നിസാരവത്കരിച്ചതിനെ തുടർന്ന് വിവാദമാകുകയായിരുന്നു. നിരവധി പരാതി ഉയർന്നതിനെത്തുടർന്ന് ഹെഡ്മാസ്റ്ററെ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.