garbage

എല്ലാ വാർഡിലും ശേഖരണകേന്ദ്രങ്ങൾ സ്ഥാപിക്കണം

തിരുവനന്തപുരം:ശുചിത്വ,​ മാലിന്യ സംസ്‌കരണ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് നൽകാൻ തദ്ദേശവകുപ്പ് തീരുമാനിച്ചെങ്കിലും ഫുൾ മാർക്കോടെ എ ഗ്രേഡ് നേടുക എളുപ്പമല്ല. കർശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരമാവധി 150 മാർക്കാണ്.

വീടുകളിലെത്തി ജൈവ,അജൈവ മാലിന്യ ശേഖരണം, ഓരോ വാർഡിലും മെറ്റീരിയൽ കളക്‌ഷൻ സെന്റർ, ഉറവിട ജൈവമാലിന്യ സംസ്കരണം, വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകളിൽ ഗ്രീൻപ്രോട്ടോക്കോൾ തുടങ്ങിയ പല മാനദണ്ഡങ്ങളുമുണ്ട്. ഓരോ വാർഡിലും മെരിറ്റീരിയൽ കളക്‌ഷൻ സെന്റർ (എം.സി.എഫ്) സ്ഥാപിക്കുക കടുത്ത വെല്ലുവിളിയാണ്.

അജൈവ മാലിന്യം സൂക്ഷിക്കാനും തരംതിരിച്ച് ഏജൻസികൾക്ക് കൈമാറാനുമാണ് ഈ കേന്ദ്രങ്ങൾ.

സംസ്ഥാനത്ത് അപൂർവം ഇടങ്ങളിൽ മാത്രമാണ് പാഴ്‌വസ്തുക്കൾ പൂർണമായി സൂക്ഷിക്കാനുള്ള എം.സി.എഫുകളുള്ളത്. ഇവ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളായി മാറുമെന്നതിനാൽ പ്രാദേശിക എതിർപ്പുകൾ ഉയരുന്നതാണ് തടസം.

എം. സി. എഫ്

ഓരോ മാസവും ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ഇവിടെ സംഭരിക്കണം. പതിനായിരം ജനസംഖ്യയുള്ള കേന്ദ്രങ്ങളിൽ 1000 സ്ക്വയർ ഫീറ്റ്,​ 10001മുതൽ 20,​000വരെ 2000 സ്ക്വയർ ഫീറ്റ്,​ 20,​000ന് മുകളിൽ 3000 സ്ക്വയർഫീറ്റ് എന്നിങ്ങനെ വിപുലമായ രീതിയിൽ എം.സി.എഫ് സ്ഥാപിക്കണം. ജീവനക്കാർക്ക് വിശ്രമമുറി,ടോയ്ലറ്റ്,വൈദ്യുതി ഉറപ്പാക്കണം.

തരംതിരിച്ചാൽ പണം

പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൃത്യമായി തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകിയാൽ മാത്രമേ കേരളത്തിന് പുറത്തുള്ള ഏജൻസികൾക്ക് വിൽക്കാനാകൂ. അല്ലെങ്കിൽ വെറും മാലിന്യമായി നൽകേണ്ടിവരും. വിറ്റുവരവ് ഉണ്ടായാലേ, വിഹിതം തദ്ദേശസ്ഥാപനങ്ങളിൽ ഈ ജോലി ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് ലഭിക്കൂ. വരുമാനം ഉണ്ടെങ്കിലേ ഇത്തരം കേന്ദ്രങ്ങൾ നിലനിൽക്കൂ.