
തിരുവനന്തപുരം: കരുവന്നൂരിൽ സഹകരണ ബാങ്കിൽ 11,000 പേർക്കായി കൊടുക്കാനുള്ളത് 312.71കോടി രൂപ. ഇതിനുള്ള പണം കണ്ടെത്തിയാലും നിക്ഷേപകരുടെ പേരിൽ ബാങ്കുകാർ വ്യാജരേഖ ചമച്ച് വായ്പയെടുത്തത് തിരിച്ചടിയാകും. വായ്പയെടുത്ത വ്യാജന്മാരെയും അല്ലാത്തവരെയും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ആരെല്ലാം പറ്റിക്കപ്പെട്ടെന്ന് വ്യക്തമാകാതെ സർക്കാരിന് പണം മടക്കികൊടുക്കാനാവില്ലെന്നാണ് സൂചന.
തട്ടിപ്പിന് ശേഷം ഒരുവർഷമായി ബാങ്കിന്റെ പ്രവർത്തനം സ്തംഭനത്തിലാണ്. വായ്പ വാങ്ങിയവരിൽ നിന്ന് സമാഹരിച്ച 42 കോടി രൂപ ഇതിനകം അത്യാവശ്യക്കാർക്ക് കൊടുത്തെന്നാണ് റിപ്പോർട്ട്. കരുവന്നൂർ ബാങ്കിന്റെ ആസ്തിയുപയോഗിച്ച് കേരളബാങ്കിൽ നിന്ന് വായ്പയെടുത്ത് കടം വീട്ടാനും ശ്രമിച്ചു. എന്നാൽ തിരിച്ചടവ് ഉറപ്പാക്കാത്തതിനെ തുടർന്ന് കേരളബാങ്കിന് മുന്നിലും നിയമതടസങ്ങളുണ്ടായി.
അതിനിടെ തൃശൂരിലെ പ്രാഥമിക സഹകരണബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി 200 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചെങ്കിലും നഷ്ടത്തിലായ ബാങ്കിൽ നിക്ഷേപിക്കാൻ സഹകരണനിയമം അനുവദിച്ചില്ല. മാത്രമല്ല ആശങ്കമൂലം പല സംഘങ്ങളും ഇതിൽ നിന്ന് പിൻമാറുകയും ചെയ്തു. പ്രശ്നം സഹകരണരജിസ്ട്രാറുടെ ഉത്തരവിലൂടെ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ നിയമക്കുരുക്കുണ്ടാക്കുമെന്ന നിയമവകുപ്പിന്റെ ഉപദേശത്തെ തുടർന്ന് പിൻമാറി.
ഗാരന്റി ഫണ്ടിനും ശ്രമം
സഹകരണവകുപ്പും സംസ്ഥാന സർക്കാരും നിയന്ത്രിക്കുന്ന ഗാരന്റി ഫണ്ടിൽ നിന്ന് കരുവന്നൂർ ബാങ്കിന് പണം നൽകാനും ശ്രമിച്ചിരുന്നു. എന്നാൽ അഴിമതിക്കെതിരെ ബാങ്ക് അന്വേഷണം നേരിടുന്നതിനാൽ ആ ശ്രമവും പാളി. കൂടാതെ വായ്പയ്ക്ക് മതിയായ രേഖയോ ഈടോ ഇല്ല എന്നതും പ്രശ്നമായി. ഗാരന്റി ഫണ്ട് തിരിച്ചുനൽകേണ്ടതില്ല. ഈ പണത്തിലൂടെ ഒരു നിക്ഷേപകനു പരമാവധി മൂന്ന് ലക്ഷം രൂപ വരെ നൽകാനാകും. ഇത് അഞ്ച് ലക്ഷമാക്കാനുള്ളൻ നിയമഭേദഗതിക്കും സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ വായ്പ തിരിച്ചടയ്ക്കാത്ത നിക്ഷേപകനു ഗാരന്റി ഫണ്ടിലെ പണം നൽകുന്നതിനും നിയമതടസമുണ്ട്. കേരളബാങ്കിൽ നിന്ന് 25കോടിയും സഹകരണ റിസ്ക് ഫണ്ടിൽ നിന്ന് 10 കോടിയുമെടുത്ത് നിക്ഷേപകർക്ക് ആശ്വാസമെത്തിക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്.
സ്ഥിര നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി
കരുവന്നൂർ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. സ്ഥിരനിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ട്, വിഷയത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാവും എന്നിവ സംബന്ധിച്ച് വിശദീകരണം നൽകാനാണ് ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശിച്ചത്. കരുവന്നൂർ ബാങ്കിൽനിന്ന് നിക്ഷേപം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശികളായ ജോഷി ആന്റണി, സുഷ ജോഷി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ആനിയമ്മ, ഇരിങ്ങാലക്കുട സ്വദേശികളായ ഷീന തോമസ്, ഷാലറ്റ് ആൻ തോമസ് എന്നിവർ നൽകിയ ഹർജി സിംഗിൾബെഞ്ച് ആഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.
ബാങ്കിലെ പ്രതിസന്ധി സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത് പരിഹരിക്കാനുള്ള റിവൈവൽ പദ്ധതിയെക്കുറിച്ച് ആലോചിക്കുകയാണെന്നും സ്പെഷ്യൽ ഗവ. പ്ളീഡർ പി.പി. താജുദ്ദീൻ വിശദീകരിച്ചു.
അന്വേഷണം സി.ബി.ഐക്ക് വിടണം: വി.ഡി. സതീശൻ
300 കോടിയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിന് കാര്യമായ പുരോഗതിയില്ല. നിക്ഷേപകർ ഒരിക്കലും അനിശ്ചിതത്വത്തിലാകരുത്. നിലവിലുള്ള ഡെപ്പോസിറ്റ് ഗാരന്റി സ്കീമിൽ നിക്ഷേപം നഷ്ടപ്പെട്ടാൽ രണ്ട് ലക്ഷം രൂപ തിരികെ കൊടുക്കാനേ വ്യവസ്ഥയുള്ളൂ. ഈ പരിധി എടുത്തു കളഞ്ഞ് നിക്ഷേപിക്കുന്ന മുഴുവൻ തുകയ്ക്കും ഗാരന്റി ഉറപ്പാക്കണം. ബാങ്ക് ലിക്വിഡേഷനിലേക്ക് പോകുമ്പോഴേ ഡെപ്പോസിറ്റ് ഗാരന്റി സ്കീം പ്രാബല്യത്തിലാകൂ എന്ന വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മക നടപടികളെ പ്രതിപക്ഷം പൂർണ്ണമായും പിന്തുണയ്ക്കുമെന്നും സതീശൻ അറിയിച്ചു.
പിന്നിൽ സെക്രട്ടറിയും ഭരണസമിതിയുമെന്ന് ജിൽസ്
കരുവന്നൂർ ബാങ്കിൽ സെക്രട്ടറിയുടെയും ഭരണസമിതി അംഗങ്ങളുടെയും നിർദ്ദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്ന് മുൻ സീനിയർ ഓഫീസറും കേസിലെ മൂന്നാം പ്രതിയുമായ സി.കെ. ജിൽസ് പറഞ്ഞു. കഴിഞ്ഞ 26നാണ് ജീൽസ് ജാമ്യത്തിലിറങ്ങിയത്. പത്ത് വർഷമായി ബാങ്കിന്റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ ചുമതലയായിരുന്നു. ബാങ്കിൽ ക്രമക്കേട് നടക്കുന്നതായി തോന്നിയിരുന്നില്ല. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തത്. കേസിൽപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ല. ആരോപണ വിധേയരുമായി വ്യക്തിപരമായിബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും സജീവ പാർട്ടി പ്രവർത്തകനല്ലെന്നും ജിൽസ് പറഞ്ഞു.
സഹകരണപ്രസ്ഥാനം തകർക്കാനുള്ള നീക്കം പ്രതിരോധിക്കണം: സി.പി.എം
ഒറ്റപ്പെട്ട സംഭവത്തെ തുടർന്ന് സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കം പ്രതിരോധിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. നോട്ട് നിരോധനസാഹചര്യത്തിൽ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. ഇപ്പോഴുണ്ടായ പ്രശ്നത്തിൽ ശക്തമായ നടപടി സംസ്ഥാനം സ്വീകരിക്കുകയാണ്. ഒറ്റ പൈസ പോലും നിക്ഷേപകർക്ക് നഷ്ടമാകില്ലെന്നും അവ സർക്കാർ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിശോധനിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.