riyas

തിരുവനന്തപുരം: യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് മുസ്ലീംലീഗ് പതാക വലിച്ചെറിഞ്ഞ് പച്ചക്കൊടി മലപ്പുറത്തോ, പാകിസ്ഥാനിലോ കൊണ്ടുപോയി കെട്ടിയാൽ മതിയെന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ വേരുറപ്പിച്ച മുസ്ളീം വിരുദ്ധതയുടെ സൂചനയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആരോപിച്ചു.

യു.ഡി.എഫിലെ രണ്ട് പാർട്ടികൾ തമ്മിലുള്ള തർക്കത്തിനപ്പുറം ഗൗരവമേറിയ ചില യാഥാർത്ഥ്യങ്ങളാണ് ഇത് വിളിച്ചോതുന്നത്.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി കോൺഗ്രസ് കാലങ്ങളായി മൃദുഹിന്ദുത്വ നയമാണ് സ്വീകരിക്കുന്നതെന്നും.മുസ്ലീം മതത്തോട് ബന്ധപ്പെട്ട ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ വെറുപ്പ് സംഘപരിവാർ ആശയപ്രചരണത്തിൽപ്പെട്ട കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ പൊതുബോധമായി മാറിക്കഴിഞ്ഞതായി മന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തി.ഇത് തിരുത്താനുള്ള പ്രത്യയ ശാസ്ത്ര വ്യായാമം കോൺഗ്രസിൽ നിലച്ചിട്ട് കാലങ്ങളേറെയായെന്നും കോൺഗ്രസിനെ ഗ്രസിച്ച വർഗ്ഗീയ അതിപ്രസരത്തിന്റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകമാണ് ബ്ളോക്ക് പ്രസിഡന്റിന്റെ വിവാദ പരാമർശമെന്നും റിയാസ് ആരോപിച്ചു.