
തിരുവനന്തപുരം: തായ്‌ലൻഡ് ട്രേഡ് പ്രൊമോഷൻ കൗൺസിലും ലുലു ഹൈപ്പർമാർക്കറ്റും ചേർന്ന് സംഘടിപ്പിക്കുന്ന തായ് ഫിയസ്റ്റ - 2022ന് തുടക്കമായി. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ടീ ഷർട്ട് ലോഞ്ച് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഇതിനോടനുബന്ധിച്ചുള്ള പ്രത്യേക ഷോപ്പിംഗ് മേഖലയുടെയും ഫുഡ് കൗണ്ടറിന്റെയും ഉദ്ഘാടനവും നടന്നു.
തായ് ഷെഫിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന തായ്‌ലൻഡിന്റെ വ്യത്യസ്ത ഭക്ഷണവിഭവങ്ങളാണ് ഫിയസ്റ്റയുടെ പ്രധാന ആകർഷണം. തായ്‌ലൻഡിൽ നിന്നുള്ള ദൂരിയാൻ, റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടെയുള്ള വിവിധ തരം പഴങ്ങൾ, പച്ചക്കറി, പലതരം സോസുകൾ, മറ്റ് ഉത്പന്നങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവയും ലുലുവിൽ പ്രദർശനത്തിനും വില്പനയ്ക്കുമുണ്ട്.
തായ് ലൈവ് ഫുഡ് കൗണ്ടറും തുറന്നിട്ടുണ്ട്. ആഗസ്റ്റ് 12നാണ് തായ് ഫിയസ്റ്റ സമാപിക്കുന്നത്. ബംഗളൂരു, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റുകളിലും തായ് ഫിയസ്റ്റ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി തായ്‌ലൻഡിന്റെ സംഗീത നൃത്ത പരിപാടികളും മാളിൽ സംഘടിപ്പിച്ചിരുന്നു. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഇ.വി.രാജേഷ്, ലുലുമാൾ ജനറൽ മാനേജർ കെ.കെ.ഷറീഫ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് സി.നായർ, തായ്‌ലൻഡ് കോൺസുൽ ജനറൽ നിടിരോഗ് ഫൊൺപ്രസേട്ട്, തായ് ട്രേഡ് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ സുപാത്ര സവാങ്സ്രി തുടങ്ങിയവർ പങ്കെടുത്തു.