തിരുവനന്തപുരം: ആഴിമല കടലിൽ കാണാതായ കിരണിന്റെ ദുരൂഹ മരണത്തിൽ മൂന്നാം പ്രതിയായ അരുണിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ. പ്രതിക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസിലെ ദുരൂഹത തെളിയിക്കാൻ അരുണിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. ജാമ്യഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികൾ എവിടെയൊക്കെ കൊണ്ടുപോയി കിരണിനെ മർദ്ദിച്ചു, കിരൺ എങ്ങനെ കടലിൽ വീണു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അരുണിന്റെ അറസ്റ്റ് അത്യാവശ്യമാണ്. സംഭവസ്ഥലത്തെ കാഴ്ചക്കാരൻ മാത്രമാണ് താനെന്ന അരുണിന്റെ വാദം കളവാണെന്നും കിരണിന്റെ സുഹൃത്തുക്കളെയും അരുൺ മർദ്ദിച്ചതിന് സാക്ഷി മൊഴിയുണ്ടെന്നും പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ വാദിച്ചു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഈ മാസം 9ന് കാണാനെത്തിയപ്പോഴാണ് നേമം മൊട്ടമൂട് സ്വദേശിയായ കിരണിനെ (25) കാണാതായത്. ഇയാളുടെ മൃതദേഹം പിന്നീട് തമിഴ്നാട് നിദ്രവിളയിൽ നിന്ന് കണ്ടെത്തിയിരുന്നു. ആഴിമല സ്വദേശിയായ പെൺകുട്ടിയുടെ സഹോദരൻ രാജേഷ്, പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവ് സജിത് കുമാർ, ഇരുവരുടെയും സുഹൃത്ത് അരുൺ എന്നിവരാണ് പ്രതികൾ. മൂവരും ചേർന്ന് കിരണിനെയും സുഹൃത്തുക്കളായ മെൽവിൻ, അനന്ദു എന്നിവരെയും ക്രൂരമായി മർദ്ദിച്ച ശേഷം രാജേഷ് തന്റെ ബെെക്കിൽ കിരണിനെയും അരുൺ ഒാടിച്ചിരുന്ന കാറിൽ കിരണിന്റെ സുഹൃത്തുക്കളെയും കയറ്റി കൊണ്ടുപോയെന്നാണ് കേസ്.