തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി പട്ടികജാതി വനിതകൾക്കുള്ള ഫണ്ട് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായവരെ ഇന്നലെ റിമാൻഡ് ചെയ്‌തു. തിരുവല്ലം സ്വദേശി സിന്ധു, ഇവരുടെ സഹായി കരകുളം സ്വദേശി അജിത എന്നിവരെയാണ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ മ്യൂസിയം പൊലീസ് അപേക്ഷ നൽകും.
ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് നടത്താൻ ഇവർ സ്വന്തമായി നിർമ്മിച്ച ഓഫീസ് സീലുകളിൽ ചിലത് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇനിയും സീലുകളുണ്ടെന്നും അത് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. വ്യാജ സീൽ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുടെ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ആക്കുളം കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതികൾ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം പൂർണമായി വിശ്വസിച്ചിട്ടില്ലെങ്കിലും പൊലീസ് ആ വഴിയും അന്വേഷണം നടത്തും.
ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പ്രതികളെ പൊലീസ് കുടുക്കിയത്. ഇടപാട് നടന്ന സമയത്ത് ഇവർ ബന്ധപ്പെട്ട ആളുകളെയും പൊലീസ് നിരീക്ഷിക്കും. ഇവർ ആർക്കെങ്കിലും പണം അക്കൗണ്ട് വഴി കൈമാറ്റം ചെയ്‌തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഏകദേശം 12ലക്ഷത്തോളം രൂപ ഇവരുടെ അക്കൗണ്ട് വഴി തന്നെ ഇടപാട് നടത്തിയെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന അന്വേഷണത്തിലാണ് പൊലീസ്. മൂന്നുപേർ കൂടി വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. നഗരസഭയിൽ നിന്ന് പട്ടികജാതി വനിതകൾക്കുള്ള സബ്സിഡിയുള്ള സ്വയം തൊഴിൽ വായ്പകൾ ഗുണഭോക്താക്കൾ അറിയാതെ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഇപ്പോൾ അറസ്റ്റിലായവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം നേരത്തെ പ്രതി ചേർത്തിരുന്ന 17 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.