തിരുവനന്തപുരം: നാളെ മുതൽ തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ അറ്റ് 2047' പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 25 ബസുകളാണ് ആദ്യഘട്ടത്തിൽ ഓടുക. പിന്നീട് 25 ബസുകൾ കൂടി എത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷകത്തോടനുബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് നടന്ന കലാമത്സര വിജയികൾക്ക് സമ്മാനദാനവും വൈദ്യുതീകരിച്ച ആദിവാസി ഊരുകളെ പ്രതിനിധീകരിച്ച് എത്തിയവർക്കുള്ള സ്‌നേഹോപകാരവും മന്ത്രി വിതരണം ചെയ്തു.

ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി, ജില്ലാ വികസന കമ്മിഷണർ ഡോ.വിനയ് ഗോയൽ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.