തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അക്കാഡമിക് നിലവാരം ഉയർത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആനയറ വലിയ ഉദേശ്വരം എൽ.പി സ്‌കൂളിൽ രണ്ട് കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയിരുന്നു മന്ത്രി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിർമ്മിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, ടോയ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്നു. സ്‌കൂളിനെ യു.പി സ്‌കൂളായി ഉയർത്താൻ ശ്രമിക്കുമെന്നും കെട്ടിടത്തിന്റെ രണ്ടാം നില പൂർത്തിയാക്കാനായി എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൗൺസിലർ പി.കെ. ഗോപകുമാർ,വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ഷീജ മണി തുടങ്ങിയവർ പങ്കെടുത്തു.