
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകളിൽ തിരുത്തലുകൾ വരുത്താനുള്ള സമയം ഇന്ന് വൈകിട്ട് അഞ്ചു വരെ നീട്ടി വിദ്യാഭ്യാസ വകുപ്പ്. ട്രയൽ അലോട്ട്‌മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ചാണ് നടപടി.
ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുണ്ടെങ്കിൽ തിരുത്താനും ,ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഈ സമയം വിനിയോഗിക്കാം. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള സമയമാണ് ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്. ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്‌മെന്റ് പരിശോധിക്കാനായില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് തിരുത്തലിന് സമയം നീട്ടി നൽകണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. പോർട്ടലിന്റെ നാലു സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.